ലഹരിക്കെതിരെ എടത്തനാട്ടുകര ഒറ്റക്കെട്ട്
text_fieldsഎടത്തനാട്ടുകര വ്യാപാര ഭവനിൽ ലഹരിക്കെതിരെ നടന്ന സർവകക്ഷി യോഗം
അലനല്ലൂർ: ലഹരിക്കെതിരെ എടത്തനാട്ടുകരയിൽ സർവകക്ഷി യോഗം നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരി വസ്തുക്കൾ വിൽക്കുന്നത് ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ജീവനക്കാർക്ക് പരാതി നൽകിയിട്ട് യാതൊരു പ്രയോജനമില്ലെന്നും എക്സൈസ് ജീവനക്കാരോട് പരാതിപ്പെട്ടാൽ ഉടനെ ലഹരി വിൽപ്പനക്കാർ ഭീഷണിയുമായി പരാതിക്കാരെ സമീപിക്കുന്ന പ്രവണതയാണ് നടക്കുന്നതെന്ന് സർവകക്ഷി യോഗത്തിൽ അഭിപ്രായപ്പെട്ടു.
പൊലീസ്, എക്സൈസ് ജീവനക്കാരെ വിശ്വാസമില്ലാത്തതിനാൽ അവരെ യോഗത്തിലേക്ക് ക്ഷണിച്ചില്ല. ലഹരി വിൽപ്പനക്കാരെ പിടിച്ച് പൊലീസിലോ, എക്സൈസിലോ ഏൽപ്പിച്ചാൽ വെറുതെ വിടുന്ന പ്രവണതയാണന്നും യോഗത്തിൽ കുറ്റപ്പെടുത്തി. ലഹരി വിൽപ്പന നടത്തുന്ന വ്യാപാരികളെയും വ്യക്തികളെയും തടയാനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തിയാണ് സർവകക്ഷി യോഗം പിരിഞ്ഞത്.
ചില സമ്പന്നർ ലഹരി കച്ചവടം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകി ലാഭവിഹിതം വാങ്ങി കഴിയുന്നവരെ കണ്ടെത്തിയിട്ടുണ്ടെന്നും അവരുടെ സഹായം നിർത്തലാക്കാനുള്ള ശക്തമായ ഇടപെടലുകൾ നടത്താനും തീരുമാനമായി. മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വാണിജ്യ, വ്യാപാര, ഉദ്യോഗസ്ഥ മേഖലയിലുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. വ്യാപാരഭവനിൽ നടന്ന യോഗം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. അക്ബർ അലി, നൈസി ബെന്നി, പി. ബഷീർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഹംസപ്പ, കെ. സേതുമാധവൻ, ഷമീം കരുവള്ളി, എ.പി. മാനു, പി. പ്രജീഷ്, എം. സിബ്ഗത്ത് പി.പി. സുബൈർ, തോമസ്, റഷീദ് ചതുരാല, കെ. രാമകൃഷ്ണൻ, ബാപ്പു തുവ്വശ്ശീരി, ജമാൽ, ബാലകൃഷ്ണൻ, നാസർ കാപ്പുങ്ങൽ, നസീർ ബാബു പൂതാനി, എം. പത്മജൻ, നിജാസ് ഒതുക്കുംപ്പുറത്ത്, പി. അശോകൻ, സാദിക്ക് ബിൻ സലീം, റഫീക്ക് കൊടക്കാട്ട്, മുഫീന ഏനു, പി. അഹമ്മദ് സുബൈർ, എം. നൗഷാദ്, ടി.പി. നൂറുദ്ദീൻ, ടി.പി. സൈനബ, റഫീഖ പാറോക്കോട്, ഹംസു പാറോക്കോട്, എം. അലി, കെ. അബൂബക്കർ, സി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.