കണക്കുകൂട്ടൽ തെറ്റിയില്ല; ഗിരീഷിന് സംസ്ഥാന അധ്യാപക അവാർഡ്
text_fieldsഅലനല്ലൂർ: വിദ്യാർഥികൾക്ക് ഗണിത പഠനം എളുപ്പമാക്കുന്ന തന്ത്രവിദ്യകൾ പ്രാവർത്തികമാക്കിയ അധ്യാപകന് സംസ്ഥാന അധ്യാപക അവാർഡ്. കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ ഗണിത അധ്യാപകനായ ഗിരീഷിനാണ് അവാർഡ് ലഭിച്ചത്.
കുട്ടികളിൽ ഗണിതപഠന താൽപര്യം കൂട്ടാനായതും അട്ടപ്പാടിയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഗണിത പരിശീലനത്തിലൂടെ മികവ് ഉണ്ടാക്കാൻ സാധിച്ചതുമാണ് ഗിരീഷിനെ പ്രധാനമായും അവാർഡിനർഹനാക്കിയത്. സ്കൂൾ പഠനം പൂർത്തിയാക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ തുല്യത പരീക്ഷ എഴുതാനുള്ള ശ്രമം നടത്തുകയും 40 രക്ഷിതാക്കളെ എസ്.എസ്.എൽ.സി തുല്യത പരീക്ഷക്കിരുത്തുകയും ചെയ്യുന്നതിൽ ഗിരീഷ് മുഖ്യ പങ്കുവഹിച്ചു.
ഐ.ടി സ്കൂൾ വരുന്നതിന് മുമ്പ് തന്നെ 2001ൽ മണ്ണാർക്കാട് ഉപജില്ല, ജില്ല കലോത്സവ വേദികളിൽ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഓപറേറ്റർ ആയി പ്രവർത്തിച്ച് കയ്യടി വാങ്ങിയിരുന്നു. 2017 കോവിഡ് കാലത്ത് ഓൺലൈനിലൂടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവന മികച്ചതായിരുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി 2013 വർഷം ലീഫ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ഓരോ വർഷവും സമീപ സ്കൂളുകളിലെ കുട്ടികൾക്ക് സൗജന്യ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുകയും, എസ്.എൽ.ഡി പോലുള്ള പ്രശ്നങ്ങൾക്ക് ജില്ല ഹോസ്പിറ്റലിലെ കൗൺസിലറുടെ സഹായത്തോടെ സജന്യ പഠന പിന്തുണയും, രക്ഷിതാക്കൾങ്ങള്ള ബോധവത്കരണവും നടത്തിയിരുന്നു.
2000ലാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. മണ്ണാർക്കാട് അരകുർശി വൈനിക രാധാകൃഷ്ണൻ-കല്യാണികുട്ടി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ് ഗിരീഷ്. ഭാര്യ: ലക്ഷ്മി (ഇ.എസ്.ഐ കോർപറേഷൻ പാലക്കാട്). മക്കൾ: ഐശ്വര്യ ലക്ഷ്മി (ഇൻഫോ പാർക്ക് കാക്കനാട്, കൊച്ചി), ഇഷാനി( വിദ്യാർഥി, കെ.ടി.എം ഹൈസ്കൂൾ മണ്ണാർക്കാട്).