ഉമ്മ പഠിപ്പിച്ച പാഠം മറന്നില്ല; ഷോക്കേറ്റ കൂട്ടുകാരെ രക്ഷിച്ച ആഹ്ലാദത്തിൽ മുഹമ്മദ് സിദാൻ
text_fieldsഷോക്കേറ്റ രണ്ട് വിദ്യാർഥികളെ രക്ഷിച്ച മുഹമ്മദ് സിദാനെ സ്കൂൾ അധികൃതർ ആദരിക്കുന്നു
അലനല്ലൂർ: ഉമ്മ പഠിപ്പിച്ച അനുഭവപാഠം മനസ്സിൽ കുറിച്ചിട്ട ആ അഞ്ചാം ക്ലാസുകാരൻ അത് നടപ്പാക്കിയപ്പോൾ രണ്ട് കൂട്ടുകാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്. അലനല്ലൂർ കള്ളയത്ത് സുഹറയുടെ മൂന്ന് മക്കളിൽ മൂത്തവനായ മുഹമ്മദ് സിദാനാണ് ഷോക്കേറ്റ് പിടഞ്ഞ രണ്ട് കുട്ടികളെ തക്ക സമയത്ത് ഇടപെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് നാടിന്റെ അഭിമാനമായത്.
ബുധനാഴ്ച രാവിലെ കുട്ടികൾ സ്കൂൾ ബസ് കാത്തിരിക്കുന്നതിനിടെയാണ് സംഭവം. നേരം പോക്കാൻ ചിലർ ഒരു പഴയ പ്ലാസ്റ്റിക് പാത്രം തട്ടി കളിക്കുകയായിരുന്നു. ഇതിനിടയിൽ പാത്രം മതിലിനപ്പുറത്തേക്ക് പോയി. ഇത് എടുക്കാൻ അഞ്ചാം ക്ലാസുകാരൻ മുഹമ്മദ് റാജിഹ് മതിലിൽ കയറുന്നതിനിടെ തൊട്ടരികിലെ വൈദ്യുത തൂണിലെ ഫീസിനകത്ത് കൈ കുടുങ്ങി. റാജിഹിന് ഷോക്കേറ്റതറിയാതെ അവനെ പിടിച്ച ഏഴാം ക്ലാസുകാരൻ മുഹമ്മദ് ഷഹജാസിനും ഷോക്കേറ്റു.
ഇതോടെയാണ് പത്ത് ദിവസം മുമ്പ് തന്റെ അമ്മാവന്റെ ഭാര്യ ഹഫ്സത്ത് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റപ്പോൾ ഉമ്മ സുഹറ ഉണക്ക വിറകെടുത്ത് രക്ഷപ്പെടുത്തിയത് മുഹമ്മദ് സിദാന്റെ മനസ്സിൽ തെളിഞ്ഞത്. ഉടൻ ഒരു ഉണങ്ങിയ കമ്പ് എടുത്ത് ഉമ്മ ചെയ്ത പോലെ സിദാനും ചെയ്തതോടെ രണ്ട് പേരും വൈദ്യുതാഘാതത്തിൽനിന്ന് രക്ഷപ്പെട്ട് മതിലിനപ്പുറത്തേക്ക് വിണു. ഈ സമയം അതുവഴി വന്ന ഒരു സ്കൂട്ടർ യാത്രക്കാരനോട് കുട്ടികൾ സംഭവം പറഞ്ഞു. ഇയാൾ ആശാവർക്കർമാരെയും കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റഫീന റഷീദ് മുത്തനിയെയും വിവരമറിയിച്ചു. ഇവർ കുട്ടികൾക്ക് ചികിത്സാ സൗകര്യമേർപ്പെടുത്തി.
ആദ്യം ഷോക്കേറ്റ മുഹമ്മദ് റാജിഹ് അക്കര അബ്ദുൽ സലീം-ഹസനത്ത് ദമ്പതികളുടെ മകനും രണ്ടാമത് ഷോക്കേറ്റ മുഹമ്മദ് ഷഹജാൻ പുവ്വത്തുംപറമ്പിൽ യൂസുഫ്-ജുസൈല ദമ്പതിമാരുടെ മകനുമാണ്. കൊടുവാളിപ്പുറത്ത് അടുത്തടുത്ത് താമസിക്കുന്ന മൂന്നുപേരും കളിക്കൂട്ടുകാരുമാണ്. മൂന്നുപേരും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിലെ വിദ്യാർഥികളാണ്.
വ്യാഴാഴ്ചയാണ് അധ്യാപകർ സംഭവം അറിയുന്നത്. വിവരമറിഞ്ഞ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഹമ്മദ് സിദാനെയും സ്കൂൾ പ്രിൻസിപ്പൽ എം.പി. സാദിഖിനെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. രണ്ട് ജീവൻ രക്ഷിച്ച മുഹമ്മദ് സിദാനെ സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ എം.പി. സാദിഖ്, മനേജർ റഷീദ് കല്ലടി, പി.ശ്രീധരൻ, ബാബു ആലായൻ, എൻ. ഹബീബ് റഹ്മാൻ, പി. മനോജ്, എം.പി. ഷംജിദ്. പി. ജംഷീർ, പി. ഗിരീഷ്, സൈനുൽ ആബിദീൻ, കെ.എസ്. മനോജ്, മൻസൂർ, കെ. മൊയ്തുട്ടി തുടങ്ങിയവർ പങ്കെടുത്തു.


