പാർശ്വഭിത്തി തകർന്ന കൊമ്പംകല്ല് പാലത്തിനായി ഒരുകോടിയുടെ നിർദേശം; അനുമതി കിട്ടിയാൽ പുതിയ പാലം
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പംകല്ല് പാലത്തിനായി ഒരു കോടി രൂപയുടെ നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അതിന് അനുമതി ലഭിക്കുമെന്നും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ജൂലൈ 27ന് ശക്തമായ മഴയിൽ കൊമ്പംകല്ല് പാലത്തിന്റെ കരിങ്കൽ പാർശ്വഭിത്തി തോട്ടിലേക്ക് താഴ്ന്നിരുന്നു. അപകട ഭീഷണിയെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ട് നാല് മാസമായി.
തുകക്ക് ഭരണാനുമതി ലഭിച്ചാൽ പുതിയ പാലം നിർമിക്കും. കരിങ്കൽ പാർശ്വഭിത്തി തകർന്ന ശേഷം പാലത്തിനായി എൻ.ആർ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ചില സാങ്കേതിക കാരണത്താൽ തടസ്സപ്പെട്ടു. വി.കെ. ശ്രീകണ്ഠൻ എം.പി 30 ലക്ഷം രൂപ പാലത്തിനായി നൽകുമെന്ന് അറിയിച്ചിരുന്നു. ഒരു കോടി പാലത്തിനായി തുക അനുവദിക്കാൻ നിർദേശം എം.എൽ.എ സമർപ്പിച്ചതിനാൽ എം.പി നൽകാൻ ഉദ്ദേശിക്കുന്ന തുക തടിയംപറമ്പ് റോഡിനായി മാറ്റുകയാണെന്ന് വാർഡ് അംഗം ലൈല ഷാജഹാൻ പറഞ്ഞു. പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ മുണ്ടതോടിന് കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്.
ഗതാഗതം നിരോധിച്ചതിനാൽ വെള്ളിയഞ്ചേരിയിലെ എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, എ.യു.പി സ്കൂൾ, ചെമ്മാണിയോട് യു.പി സ്കൂൾ, ദാറുൽ ഹിക്കം സ്കൂൾ, അത്താണി പടിയിലെ എയ്ഞ്ചൽ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള സ്കൂൾ ബസുകൾ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായി. ഇപ്പോൾ വിദ്യാർഥികൾ കിലോമീറ്ററുകൾ നടന്നാണ് സ്കൂൾ ബസിൽ കേറി യാത്ര പോകുന്നത്. കൂടാതെ മംബഉൽ ഉലൂം മദ്റസ, സാന്ത്വനം മദ്റസ എന്നിവിടങ്ങളിലെ വിദ്യാർഥികളും പാലത്തിലൂടെയാണ് പോയിരുന്നത്. ഒരു ഭാഗത്തെ പാർശ്വഭിത്തി പൂർണമായും മറുവശത്തെ പാർശ്വഭിത്തി ഭാഗികമായും തകർന്നിട്ടുണ്ട്. അലനല്ലൂർ ഗ്രാമപഞ്ചായത്ത് 32 വർഷം മുമ്പ് നിർമിച്ച കൈവരി ഇല്ലാത്ത പാലമാണ് ഇത്.