നിറക്കാഴ്ച പകർന്ന് കുടുംബശ്രീയുടെ പൂന്തോട്ടവും യുവജന കൂട്ടായ്മയുടെ വിശ്രമ കേന്ദ്രവും
text_fieldsഎടത്തനാട്ടുകര കോട്ടപ്പള്ളയിലെ വിശ്രമകേന്ദ്രവും ചെണ്ട് മല്ലി പൂന്തോട്ടവും
അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിൽ യുവജന കൂട്ടായ്മ നിർമിച്ച വിശ്രമകേന്ദ്രവും അലനല്ലൂർ കുടുംബശ്രീ നട്ടുവളർത്തിയ ചെണ്ട് മല്ലി പൂന്തോട്ടവും ആസ്വാദക മനംനിറക്കുന്നു. നിത്യവും നിരവധി ആളുകളാണ് വിശ്രമിക്കാനും പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തുന്നത്.
കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡരികിൽ എടത്തനാട്ടുകര ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണ് ആയിരക്കണക്കിന് ചെണ്ട് മല്ലി തൈകൾ നട്ടുപിടിപ്പിച്ചിട്ടുള്ളത്. അലനല്ലൂർ കൃഷിഭവൻ മുഖേനയാണ് തൈ എത്തിച്ചത്. ഓണനാളിൽ പൂക്കൾ വിറ്റ് ചെണ്ട്മല്ലി തൈകളുടേയും കൃഷിക്കാവശ്യമായ ചെലവും ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു മുണ്ടക്കുന്ന് കുടുബശ്രീ അംഗങ്ങൾ.
ഇത്തവണ കാലവർഷം കനത്തതോടെ ഓണനാളിൽ പൂ ഉണ്ടാകാത്തത് കാരണം ഏറെ നഷ്ടം വന്നു. ദൂരെ ദിക്കുകളിൽനിന്ന് പോലും ആളുകൾ കാഴ്ച ആസ്വദിക്കാൻ എത്തുന്നത് സന്തോഷമുണ്ടാക്കുന്നുവെന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന ഫുട്ബാൾ, ക്രിക്കറ്റ് മത്സരത്തിനെത്തുന്നവർക്കും കാണികൾക്കും ആശ്വാസ കേന്ദ്രമായിട്ടാണ് ഇവിടെ പാർക്കിന് സമാനമായ സൗകര്യമുള്ളത്. എടത്താട്ടുകര യുവജന കൂട്ടായ്മ ലക്ഷങ്ങൾ പണപ്പിരിവ് നടത്തിയാണ് യാത്രക്കാർക്ക് ഇരിക്കാനും രാത്രി സമയങ്ങളിൽ വെളിച്ചവും സൗകര്യപ്പെടുത്തിയത്. സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്.