പാചകവാതക സിലിണ്ടർ കയറ്റി വന്ന മിനി ലോറി പാടത്തേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായി
text_fieldsകാട്ടുകുളം മാടമ്പി റോഡിൽ പാടത്തേക്ക് മറിഞ്ഞ പാചകവാതക സിലിണ്ടർ ലോറി
അലനല്ലൂർ: കാട്ടുകുളം മാടമ്പി റോഡിൽ കാരകുളവൻ കുളമ്പ് പാടത്ത് പാചകവാതക സിലിണ്ടർ കയറ്റി വന്ന മിനി ലോറി പാടത്തേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 11 യോടെയായിരുന്നു സംഭവം. മണ്ണാർക്കാടുള്ള ഭാരത് ഗ്യാസ് ഏജൻസിയിൽ നിന്ന് വീടുകളിൽ വിതരണം ചെയ്യാൻ സിലിണ്ടറുകളുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നന്നങ്ങാടി കുന്നിലെ പുതുപറമ്പിൽ സജീവൻ, സഹായി ഭീമനാട് സ്വദേശി ശ്രീജിത്ത് പാറക്കുഴി എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒരു വീട്ടിൽ സിലിണ്ടർ നൽകിയ ശേഷം അരിയകുണ്ട് ഭാഗത്തേക്ക് പുറപ്പെടാനൊരുങ്ങിയ ലോറി ബ്രേക്ക് ജാമായതിനെ തുടർന്ന് നിയന്ത്രണം വിട്ട് കുത്തനെയുള്ള ഇറക്കത്തിലൂടെ പിന്നോട്ട് വന്ന് റോഡിന്റെ താഴ്ചയിലെ പാടത്തേക്ക് മറിയുകയായിരുന്നു. വാതക സിലിണ്ടറുകൾക്ക് ലീക്ക് അനുഭവപ്പെടാത്തതിനാൽ വൻ അപകടം ഒഴിവായി.
പാടത്തുള്ള കമുകുകൾ നശിച്ചിട്ടുണ്ട്. ഒരു മണിയോടെ ക്രയിൻ ഉപയോഗിച്ച് ലോറി റോഡിലേക്ക് കയറ്റി. അതിനിടെ അപകട സ്ഥലത്തേക്ക് വന്ന ഏജൻസി ജീവനക്കാരന്റെ ബൈക്കിൽ കാട്ടുപന്നിയിടിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിച്ചു. കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ കാട്ടുകുളം മാടമ്പി റോഡിൽ മില്ലും പിടിയിലായിരൂന്നു അപകടം. റോഡുമുറിച്ചു കടക്കുകയായിരുന്ന പന്നിയെയാണ് ബൈക്ക് ഇടിച്ചത്.


