അലനല്ലൂരിൽ പ്രചരണം ഊർജിതമാക്കി പാർട്ടികൾ
text_fieldsഅലനല്ലൂർ: ഗ്രാമ-മലയോരപ്രദേശങ്ങളിൽ ഇളക്കിമറിച്ച് തെരഞ്ഞെടുപ്പ് പ്രചരണം ഊർജിതമാക്കി എൽ.ഡി.എഫും യു.ഡി.എഫും. വാശിയേറിയ പരിപാടികളാണ് ഇരുകൂട്ടരും നടത്തി കൊണ്ടിരിക്കുന്നത്. വീടുകൾ കേറിയുള്ള പ്രചാരണ പരിപാടികൾ മൂന്ന് വട്ടം പൂർത്തിയാക്കി. സ്ഥാനാർഥികളുടെ അഭ്യാർഥന അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. ഇരുകൂട്ടരും കുടുംബയോഗങ്ങളും വാർഡ് തല കൺവെൻഷനുകളും അവസാന ഘട്ടത്തിലെത്തി.
ജില്ല പഞ്ചായത്ത് എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.എ. സുദർശന കുമാറിന്റെ മണ്ഡല പരിപാടികൾ നടന്ന് കൊണ്ടിരിക്കുന്നു. ജില്ല പഞ്ചായത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി റഷീദ് ആലായന്റെ മണ്ഡല പര്യാടനം ബുധനാഴ്ച വൈകിട്ട് 6.30 ന് തുടങ്ങും. കർക്കിടാംകുന്ന് ആലുങ്ങൽ നടക്കുന്ന പരിപാടി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.. ഉദ്ഘാടനം ചെയ്യും. ഹരി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. എൽ.ഡി. എഫിന്റെ പഞ്ചായത്ത് തല റാലി ഡിസംബർ അഞ്ചിന് അലനല്ലൂരിൽ നടത്താനും തീരുമാനമായിട്ടുണ്ട്. വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ നേതൃത്വത്തിലുള്ള സ്ഥാനാർഥി സംഗമം അലനല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12ന് നടക്കും.
യു.ഡി.എഫിന്റെ പൊതുസമ്മേളനങ്ങൾ നടത്തുന്നതിനുള്ള ഒരുക്കങ്ങളും നടന്നുവരുന്നു. ജില്ല പഞ്ചായത്ത് ബി.ജെ.പി. സ്ഥാനാർഥി പ്രേം ഹരിദാസിന്റെ മണ്ഡല പര്യാടനം ആറ് മുതൽ എട്ടാം തീയതി വരെ നടക്കും. വീടുകളിൽ സന്ദർശനം നടത്തി കൊണ്ടിരിക്കുന്നു. ബി.ജെ.പി കുടുംബയോഗം മാളിക്കുന്നിൽ സംസ്ഥാന വാക്താവ് അഡ്വ. സങ്കുടിദാസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വെൽഫെയർ പാർട്ടി സ്ഥാനാർഥി പാക്കത്ത് മുഹമ്മദിന്റെ പര്യടന പരിപാടി ബുധനാഴ്ച കോട്ടപ്പള്ളയിൽനിന്ന് ആരംഭിക്കും.
കുടുംബയോഗങ്ങളും വീട് കേറിയുള്ള പ്രചരണവും നടന്ന് വരുന്നു. അലനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരിമ്പടാരി, മാളിക്കുന്ന്, പാക്കത്ത് കുളബ്, കണ്ണംകുണ്ട്, വഴങ്ങല്ലി, കൈരളി, കാട്ടുകുളം, കലങ്ങോട്ടരി, കാര, ആലുംകുന്ന്, ഉണ്ണിയാൽ, യത്തീംഖാന , മുണ്ടക്കുന്ന്, ചളവ എന്നി വാർഡുകളിൽ ശക്തമായ പോരാട്ടങ്ങളാണ് നടക്കുന്നത്.


