മണ്ണാർക്കാട് മണ്ഡലത്തിൽ കിഫ്ബി ഏറ്റെടുത്ത പദ്ധതികൾ ഉടൻ ആരംഭിക്കും -അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ
text_fieldsഅലനല്ലൂർ: മണ്ണാർക്കാട് മണ്ഡലത്തിൽ കിഫ്ബി ഏറ്റെടുത്ത വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉടൻ നടക്കുമെന്ന് അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. 10 ദിവസത്തിനകം കരാർ വെച്ച് നിർമാണം ആരംഭിക്കാൻ സാധിക്കും. അട്ടപ്പാടി റോഡ് ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ മാർച്ച് 31നകം പൂർത്തീകരിക്കും.
രണ്ടാം ഘട്ട (ചുരം) പ്രവൃത്തികൾക്ക് 30.50 കോടി രൂപയുടെയും മൂന്നാംഘട്ട പ്രവർത്തികൾക്ക് (മുക്കാലി മുതൽ ആനക്കട്ടി വരെ) 86.27 കോടി രൂപയുടെയും അംഗീകാരം കിഫ്ബി ബോർഡ് നൽകി. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ടെൻഡർ നടത്തുവാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ ചുങ്കം വരെയുള്ള 22 കിലോമീറ്റർ മലയോര ഹൈവേ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ഊരാളുങ്കൽ സൊസൈറ്റിയാണ് 91.41 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
കരാർ നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവൃത്തികൾ വൈകാതെ ആരംഭിക്കും. ടിപ്പുസുൽത്താൻ റോഡ് അവസാനഘട്ട പ്രവൃത്തികൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ 31നകം പ്രവർത്തികൾ പൂർത്തീകരിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടക്കുന്ന ജി.എച്ച്.എസ്.എസ് തെങ്കര, ജി.യു.പി.എസ് ഭീമനാട്, ജി.വി.എച്ച്.എസ്.എസ് അഗളി എന്നീ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഷോളയൂർ ജി.എച്ച്.എസ്.എസിന്റെ നിർമാണ പ്രവൃത്തികൾ വൈകാതെ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.