മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ മലയോര പ്രദേശങ്ങളിൽ പി.ആർ.ടി വരുന്നൂ
text_fieldsഉപ്പുകുളം ഫോറസ്റ്റ് ഓഫിസിൽ ചേർന്ന ജനജാഗ്രത സമിതി യോഗം
അലനല്ലൂർ: ഉപ്പുകുളം മലയോര പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കാൻ സന്നദ്ധ പ്രാഥമിക പ്രതികരണ സേന (പി.ആർ.ടി) രൂപവത്കരിക്കാൻ ജനജാഗ്രതസമിതി തീരുമാനിച്ചു. ഉപ്പുകുളം, പൊൻപാറ, താണിക്കുന്ന്, കപ്പി, ചോലമണ്ണ്, ചെകിടി കുഴി, മുണ്ടകുളം, ഓലപ്പാറ, മലയിടിഞ്ഞി, ചളവ, പിലാച്ചോല, ചൂരിയോട്, കാപ്പ് പറമ്പ്, അമ്പലപ്പാറ, ഓടക്കളം, ചൂളി, കിളയപ്പാടം, കല്ലംപള്ളിയാൽ, പാണ്ടിക്കോട് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇടക്കിടെയിറങ്ങുന്ന വന്യമൃഗങ്ങൾ കൃഷിയും വീടുകളും നശിപ്പിക്കുന്നതിന് പുറമെ മനുഷ്യജീവനും ഭീഷണിയാകുന്നുണ്ട്.
ആന, പുലി, കടുവ, പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളാണ് ജനവാസ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത്. ആനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ വിവരം ദ്രുതകർമസേനയെ (ആർ.ആർ.ടി) അറിയിച്ചാൽ അവർ മണ്ണാർക്കാട്ടുനിന്ന് 30ലേറെ കിലോമീറ്റർ ദൂരം സഞ്ചരിച്ച് എത്തുമ്പോഴേക്കും കൃഷി വ്യാപകമായി നശിപ്പിക്കും. ഇതിന് പരിഹാരമായി അലനല്ലൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ മിഷൻ വളന്ററി പ്രൈമറി റെസ്പോൺസ് ടീം (പി.ആർ.ടി) രൂപവത്കരിച്ചാൽ വന്യമൃഗങ്ങളെ ഉടൻ കാട്ടിൽ തുരത്താനുള്ള സൗകര്യമാകും.
വനമേഖലകളിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കാനും തെരുവുവിളക്കുകൾ, സൗരോർജ വേലികൾ എന്നിവ സ്ഥാപിക്കാനും നടപടികൾ എടുക്കാനും തീരുമാനിച്ചു. ഉപ്പുകുളം ഫോറസ്റ്റ് ഓഫിസിൽ നടന്ന ജനജാഗ്രതയോഗം അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എം. മെഹർബാൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി, പി. ബഷീർ, വനം വകുപ്പ് ജീവനക്കാരായ വിഷ്ണു, അനിൽ, അനീഷ്, എ.എസ്.ഐ പ്രശാന്ത്, വെറ്ററിനറി ജീവനക്കാരൻ അനിൽ കുമാർ, കർഷകരായ ടി.വി. സെബാസ്റ്റ്യൻ, ജോർജ്, മോഹനൻ എന്നിവർ സംസാരിച്ചു. ജനജാഗ്രത സമിതിയിൽ റവന്യൂ, കൃഷി വകുപ്പ് ജീവനക്കാർ എത്താത്തതിനാൽ അജണ്ടയിലെ മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞില്ല.