അലനല്ലൂരിൽ തെരുവുനായുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്
text_fieldsതെരുവുനായുടെ കടിയേറ്റയാളെ അലനല്ലൂർ സി.എച്ച്.സിയിൽനിന്ന് വിദഗ്ധ ചികിത്സക്കായി മാറ്റുന്നു
അലനല്ലൂർ: ടൗണിൽ തെരുവ് നായുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ഏഴേമുക്കാലിനും 10നും ഇടയിലാണ് നാലുപേരെ കടിച്ചത്. കടിച്ച നായ്ക്ക് പേ ഇളകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ചന്തപ്പടിയിലെ കോഴിക്കടയിൽനിന്ന് കോഴി വാങ്ങുന്നതിനിടെയാണ് കണ്ണംകുണ്ടിൽ താമസിക്കുന്ന റിട്ട. എസ്.ഐ തേവർകളത്തിൽ അബ്ദുറഹ്മാന് (64) ആദ്യം കടിയേറ്റത്.
പിന്നീട് വെട്ടത്തൂർ റോഡിലൂടെ ഓടിയ പേപ്പട്ടി വെട്ടത്തൂർ റോഡിലെ പൂക്കാട്ടിൽ നജീബിന്റെ ഉടമസ്ഥതയിലുള്ള പേപ്പർ സ്ടീറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ കൊടിയംകുന്ന് ചക്കംതൊടി ജാസിറിന് (28) കടയുടെ മുന്നിൽനിന്ന് കടിയേറ്റു. അലനല്ലൂർ ആശുപത്രി റോഡിലെത്തി ഓട്ടോ തൊഴിലാളിയായ പാലക്കാഴി വീട്ടിലെ വിനോദിനെ (45) കടിച്ചു. തുടർന്ന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് സെന്ററിലെ ആമിന സ്റ്റോഴ്സ് ഉടമ പല്ലിക്കാട്ട്തൊടി സജാദിന് (42) പഞ്ചായത്ത് ജങ്ഷനിൽനിന്ന് കടിയേറ്റു.
അലനല്ലൂർ സി.എച്ച്.സിയിലെത്തിച്ച ജാസിർ, വിനോദ്, സജാദ് എന്നിവർക്ക് പ്രാഥമിക ചികിത്സ നൽകി.
സജാദിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജാസിർ, വിനോദ്, അബ്ദുറഹ്മാൻ എന്നിവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നാലുപേരുടെയും കാലിലാണ് കടിയേറ്റത്. ഈ മാസം 13ന് കച്ചേരിപറമ്പിലും പൊരുമ്പടാരിയിലും രണ്ടുപേരെ തെരുവുനായ് കടിച്ചിരുന്നു.