വോൾട്ടേജ് ക്ഷാമം; കുട്ടികൾ അക്ഷരവെളിച്ചം തേടുന്നത് മെഴുകുതിരി വെട്ടത്തിൽ
text_fieldsവൈദ്യുതി ഉണ്ടായിട്ടും മെഴുകുതിരി വെട്ടത്തിൽ പഠിക്കുന്ന കുരുന്നുകൾ
അലനല്ലൂർ: വർഷങ്ങളായി വൈദ്യുതി ഉണ്ടെങ്കിലും വോൾട്ടേജ് ക്ഷാമത്താൽ കുട്ടികളുടെ പഠനം മെഴുകുതിരി വെട്ടത്തിൽ. എടത്തനാട്ടുകര ഉപ്പുകുളം കല്ലംപള്ളിയാലിലാണ് അറുപതോളം കുടുംബങ്ങൾ പ്രയാസത്തിലായത്.
വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈദ്യുതി വകുപ്പ് നിശ്ചയിച്ച തുക അടച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. വേനൽ കടുത്തതോടെ പരീക്ഷയുള്ള കുട്ടികളാണ് ഏറെയും വലഞ്ഞത്. വൈദ്യുത ഉപകരണങ്ങളെല്ലാം വോൾട്ടേജ് കുറവ് കാരണം തകരാറിലായി.
ചില സമയങ്ങളിൽ തീരെ വോൾട്ടേജില്ലാതാകുമ്പോൾ വൈദ്യുതി വരുന്നതും പോകുന്നതും അറിയാറില്ല. വൈദ്യുതി കൊണ്ട് ഉപകാരമില്ലാത്തതിനാൽ ബിൽ അടക്കില്ലെന്ന് ബന്ധപ്പെട്ട ജീവനക്കാരെ അറിയിച്ചതോടെ തിങ്കളാഴ്ച ഒരു വൈദ്യുതി തൂൺ കൊണ്ടുവന്ന് സ്ഥാപിച്ചു.
അപ്പോഴും ലൈൻ വലിക്കാൻ കേബിളുകളോ ബന്ധപ്പെട്ട വസ്തുക്കളോ എത്തിച്ചില്ല. ഉടൻ പണി ആരംഭിക്കുമെന്നാണ് പ്രദേശവാസികളോട് ഇപ്പോഴും അധികാരികൾ ആവർത്തിക്കുന്നത്. കേബിൾ ഇടുന്നത് ഇനിയും നീണ്ടാൽ ശക്തമായ ജനകീയ സമരങ്ങൾ നടത്താനാണ് തീരുമാനം.