സ്വരാജ് ട്രോഫി; തച്ചനാട്ടുകര ജില്ലയിലെ മികച്ച പഞ്ചായത്ത്
text_fieldsഅലനല്ലൂർ: ജില്ലയിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിനും അലനല്ലൂർ ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്തിന് 20 ലക്ഷവും രണ്ടാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്തിന് 10 ലക്ഷവുമാണ് അവാർഡായി ലഭിക്കുക.
2024-‘25 വർഷത്തെ പ്രവർത്തന മികവിനാണ് തദ്ദേശ സ്വയംഭരണം, എക്സൈസ്, പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് അവാർഡ് പ്രഖ്യാപിച്ചത്. അലനല്ലൂർ, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിച്ചിരുന്നത്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ ശിശു സൗഹാർദ പരിപാടിയായി അംഗൻവാടി കെട്ടിടങ്ങൾ തൊഴിലുറപ്പിൽ നിർമാണം പൂർത്തിയാക്കി, ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്തു. ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നടപ്പാക്കി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് 900ലധികം ലൈഫ് ഭവന വീടുകളാണ് നൽകിയത്. കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യം ഒഴിവാക്കാൻ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നടപ്പിലാക്കി തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ഇരുപഞ്ചായത്തും നടപ്പാക്കിയത്.


