വെള്ളിയാർ പുഴയിൽ മാലിന്യം തള്ളി; മൂന്നുപേർ അറസ്റ്റിൽ
text_fieldsശിഹാബുദ്ദീൻ, ഷാനവാസ്, ലുക്മാൻ ഹക്കീം
അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറ തുളകല്ല് പാലത്തിന് സമീപം വെള്ളിയാർ പുഴയിൽ ഹോട്ടൽ കക്കൂസ് മാലിന്യം തള്ളി. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. മാലിന്യം കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറി പിടിച്ചെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലിപറമ്പ് സ്വദേശികളായ വാഹന ഉടമ ശിഹാബുദ്ദീൻ, ഡ്രൈവർ ഷാനവാസ്, സഹായി ലുക്മാൻ ഹക്കീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി പരിശോധിച്ചാണ് വാഹനം കണ്ടെത്തിയത്.
എടത്തനാട്ടുകര കോട്ടപ്പള്ളയിലെ കടയിൽനിന്നുള്ള മാലിന്യമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. മാലിന്യം കൊടുത്ത കടയുടെ ലൈസൻസ് റദ്ദാക്കാൻ കോട്ടോപ്പാടം പഞ്ചായത്ത് നിയമനടപടി ആരംഭിച്ചു. പുഴക്ക് സമീപം താമസിക്കുന്നവർ പുലർച്ചെ ടാങ്കർ ലോറി കണ്ടിരുന്നെങ്കിലും വെള്ളം നിറക്കുകയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, വാഹനം പോയതിന് ശേഷം അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ ചെന്ന് നോക്കിയപ്പോഴാണ് മാലിന്യം തള്ളിയതാണെന്ന് മനസ്സിലായത്.
നിരവധി കുടിവെള്ള പദ്ധതികളാണ് വെള്ളിയാർ പുഴയിലുള്ളത്. നൂറ് കണക്കിന് ആളുകളാണ് നിത്യവും ഇവിടെ കുളിക്കാനും അലക്കാനും എത്തുന്നത്. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം കലർന്ന വെള്ളം പുഴയിൽനിന്ന് പമ്പ് ചെയ്ത് വൃത്തിയാക്കി. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദാലി പാറക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കല്ലടി ബക്കർ, ഒ. ആയിഷാബി, നൂറുൽ ഇസ്ലാം, ദീപാ ഷിന്റോ, പഞ്ചായത്ത് സെക്രട്ടറി മനോജ്, ഹെൽത്ത് ഇൻസ്ഫെക്ടർ വിനോദ്, സി.ഐ രാജേഷ്, എസ്.ഐ സുരേഷ്, സി.പി.ഒമാരായ ഗിരീഷ്, എൻ. സജയൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ, ഒ. ഫിറോസ്, ആരോഗ്യ പ്രവർത്തകർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.