കടുവക്കായുള്ള തെരച്ചിൽ നിർത്തി; അമ്പലപ്പാറയിൽ പത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു
text_fieldsകാപ്പ്പറമ്പ് തോട്ക്കാട് പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിക്കുന്നു
അലനല്ലൂർ: അമ്പലപ്പാറയിൽ കടുവയെ പിടിക്കാൻ പത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്. ഇല്ലിക്കൽ ഭാഗത്ത് നാലും, തോട്കാട് ഭാഗത്ത് ആറ് കാമറകളുമാണ് സ്ഥാപിച്ചത്. ശനിയാഴ്ച രാത്രിയിലും, ഞായറാഴ്ച പുലർച്ചെയും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. ഞായറാഴ്ച രാവിലെ മുതൽ പടക്കം പൊട്ടിച്ചും വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടത്താനുള്ള തെരച്ചിൽ വനംവകുപ്പ് നടത്തി.
തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ കാടുകളിലും, കാപ്പ് പറമ്പിലെ തോട്കാട്, പൊട്ടിയറ, ഇല്ലിക്കൽ മല, ഇരട്ടവാരി, പള്ളിപ്പാറ പള്ളി തുടങ്ങി നാട്ടുകാർ കടുവയെ കണ്ടു എന്ന് അറിയിച്ച പ്രദേശങ്ങളിലൊക്കെ തെരച്ചിൽ നടത്തി. മുപ്പതോളം വനംവകുപ്പ് ജീവനക്കാർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്.
പ്രദേശത്ത് വനംവകുപ്പ് ജീവനക്കാർ കാവലിരിക്കാനും പട്രോളിങ് നടത്താനും തീരുമാനിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ്, അമ്പലപ്പാറ ക്യാമ്പ് ഷെഡ് ജീവനക്കാർ, മണ്ണാർക്കാട് ആർ.ആർ.ടി. ജീവനക്കാർ, അമ്പലപ്പാറ പി.ആർ.ടി അംഗങ്ങൾ എന്നിവർ ചേർന്നാണ് തെരച്ചിൽ നടത്തിയത്.
ശനിയാഴ്ചയോടെ തെരച്ചിൽ വനംവകുപ്പ് നിർത്തിവെച്ചു. മണ്ണാർക്കാട് റേഞ്ച് ഓഫിസർ ഇംപ്രാസ് ഏലിയാസ് നവാസ്, അനീഷ്, എൻ. ജയ്സൻ, ആർ.ആർ.ടി. ഫിറോസ് വട്ടതൊടി, സൈലന്റ് വാലി ഭവാനി റേഞ്ച് ഓഫിസർ ബിജു എന്നിവർ നേതൃത്വം നൽകി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ഷിന്റോ, സുനീർ ബാബു മണലടി എന്നിവരുടെ സഹായവും ഉണ്ടായിരുന്നു.


