സ്കൂളിന് സമീപമുള്ള ട്രാൻസ്ഫോർമറും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളും അപകട ഭീഷണി
text_fieldsഎടത്തനാട്ടുകര യത്തീംഖാന ടി.എ.എം.യു.പി സ്കൂളിന് സമീപമുള്ള ട്രാൻസ്ഫോർമർ
അലനല്ലൂർ: എടത്തനാട്ടുകര യത്തീംഖാന ടി.എ.എം.യു .പി സ്കൂളിന് സമീപമുള്ള ട്രാൻസ് ഫോർമറിന് സുരക്ഷാവേലിയില്ല. നിരവധിതവണ കെ.എസ്.ഇ.ബി ഓഫിസിൽ ട്രാൻസ് ഫോമറിന് ചുറ്റും സുരക്ഷാവേലി നിർമിക്കണമെന്ന സ്കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും ആവശ്യം പരിഗിണിച്ചിട്ടില്ല.
ടി.എ.എം.യു.പി സ്കൂളിൽ പ്രൈമറി മുതൽ എഴാം തരംവരെ ആയിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. ഇതിനുതൊട്ട് അനാഥശാലയും മദ്റസയും ഓർഫനേജ് ഹൈസ്കൂളും ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്.
റോഡിൽനിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ വളപ്പിനേക്കാൾ മെയിൻ ലൈൻ കമ്പികൾ താഴ്ന്ന് കിടക്കുന്നതിനാൽ കൈയെത്തും ദൂരത്തിലാണ് കമ്പികൾ നിലവിലുള്ളത്. ലൈൻ കമ്പികൾ ഉയർത്തി കെട്ടുന്നതിന് സ്കൂൾ പി.ടി.എ ഒരു മാസം മുമ്പ് പരാതി നൽകിയിരുന്നു.
അതിനും ഇതുവരെ പരിഹാരമില്ല. അനങ്ങാപാറ നയം സ്വീകരിക്കുന്ന കെ.എസ്.ഇ.ബി അധികാരികളിൽനിന്ന് അനുകൂലമായ തീരുമാനം ഇല്ലാത്തതിനാൽ സ്കൂളിലും മദ്റസയിലും വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് താൽകാലിക വേലി എടത്തനാട്ടുകര യുവഭാവന ക്ലബ് പ്രവർത്തകർ നിർമിച്ചിരുന്നു. അതും കേട് വന്നിട്ട് കാലങ്ങളായി.