അജ്ഞാത രോഗം; നാടൻ കോഴികൾ കൂട്ടത്തോടെ ചാവുന്നു
text_fieldsരോഗം ബാധിച്ച കോഴികൾ
അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോലയിൽ നാടൻ കോഴികൾ കൂട്ടത്തോടെ ചാവുന്നു. പലരുടെയും വീടുകളിൽ ഉണ്ടായിരുന്ന മുഴുവൻ കോഴികളും ചത്തു. ചില വീടുകളിൽ രോഗം പടർന്ന് പിടിച്ച് ചത്തുകൊണ്ടിരിക്കുന്നു. പലരും മൃഗാശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി ചികിത്സിക്കുന്നുണ്ടെങ്കിലും കോഴികളുടെ രോഗം മാറുന്നില്ല.
രോഗം ബാധിച്ച ചില കോഴികൾക്ക് തുടർച്ചയായി വെള്ളം പോലെ കാഷ്ടിക്കുന്നതും ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നതും തീറ്റ തിന്നാതെ തൂങ്ങി നിൽക്കുന്നതും കാണാൻ കഴിയുന്നു. ഓരോ കോഴികൾക്കും വ്യത്യസ്ത ലക്ഷണങ്ങൾ കാണുന്നതിനാൽ ഉടനടി പരിശോധന നടത്തിയും ചത്ത കോഴികളെ പോസ്റ്റ്മോർട്ടം നടത്തിയും രോഗം നിർണയിക്കണമെന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ സംവിധാനങ്ങൾ നടത്തണമെന്നുമാണ് കോഴി കർഷകരുടെ ആവശ്യം. കഴിഞ്ഞ വർഷങ്ങളിൽ വേനലിൽ കോഴികൾ ചത്തിരുന്നു. കഠിനമായ ചൂട് കാരണമായിരുന്നു ചത്തിരുന്നത് എന്ന് കണ്ടെത്തിയിരുന്നു.