വികസന പാതയിൽ വളവൻഞ്ചിറ പട്ടികജാതി സങ്കേതം
text_fieldsആര്യമ്പാവ് വളവൻഞ്ചിറ അംബേദ്കർ പട്ടികജാതി സങ്കേതത്തിൽ വിവിധ പദ്ധതികളുടെ ആസൂത്രണ യോഗം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: കോട്ടോപ്പാടം ആര്യമ്പാവ് വളവൻഞ്ചിറ അംബേദ്കർ പട്ടികജാതി സങ്കേതത്തിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വകയിരുത്തിയതായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. വളവൻഞ്ചിറ സങ്കേതത്തിൽ ചേർന്ന വിവിധ പദ്ധതികളുടെ ആസൂത്രണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണം, മിനി കുടിവെള്ള പദ്ധതി, നടവഴികളുടെ സംരക്ഷണം, മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, മതിൽ കെട്ടൽ, പൊതുശ്മശാനത്തിന് ചുറ്റുമതിൽ തുടങ്ങീ വിവിധ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുകയെന്ന് എം.എൽ.എ അറിയിച്ചു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറയിൽ മുഹമ്മദാലി, മണ്ണാർക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ അജിത് ആർ. പ്രസാദ്, കാസിം കുന്നത്ത്, വി.പി. വാസു, കെ.പി. ഉമ്മർ, കെ.ജി. ബാബു, എസ്.സി. പ്രമോട്ടർ ബി.സി. വിനീത്, എഫ്.ഐ.ടി പ്രതിനിധി രാജേഷ് എന്നിവർ സംസാരിച്ചു.