മഞ്ഞ കുറ്റികൾ സാക്ഷി; എന്തേ ഫണ്ട് തരാത്തത്?
text_fieldsപൊതുമരാമത്ത് വകുപ്പ് 16 വർഷം മുമ്പ് ഏറ്റെടുത്ത കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡ്
അലനല്ലൂർ: പൊതുമരാമത്ത് വകുപ്പ് ഏറ്റടുത്ത് 16 വർഷം കഴിഞ്ഞിട്ടും കണ്ടമംഗലം കുന്തിപ്പാടം ഇരട്ടവാരി റോഡിന് ഫണ്ട് അനുവദിച്ചില്ല. 2009ൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡ് ഗതാഗതയോഗ്യമല്ലാതെ കിടക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ഫണ്ട് വകയിരുത്താൻ സർക്കാറിന് അപേക്ഷ കൊടുത്തിട്ടുണ്ടന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. അഞ്ച് കിലോമീറ്റർ ദൂരം എട്ട് മീറ്റർ വീതിയിൽ നാട്ടുകാർ സൗജന്യമായി വിട്ട് നൽകിയ റോഡാണിത്. മുമ്പ് നിർദിഷ്ഠ മലയോര ഹൈവേക്ക് വേണ്ടിയാണ് റോഡിന് സ്ഥലം വിട്ടെതെന്ന് പ്രദേശത്തുകാർ പറഞ്ഞു.
മലയോര ഹൈവേ കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിലൂടെ മാറ്റുകയും റോഡിന്റെ ആദ്യറീച്ച് പണി തുടങ്ങിയതോടെ ഒന്നര പതിറ്റാണ്ട് കാത്തിരിന്നിട്ട് ഒന്നുമല്ലാതായി. പൊതുമരാമത്ത് വകുപ്പ് കരടിയോട് തോട്ടപ്പായ് 30 ഏക്കർ എന്നിവിടങ്ങളിലൂടെ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ച മഞ്ഞ സിമന്റ് കുറ്റികൾ മാത്രമാണ് റോഡ് അതിർത്തിയായി കിടക്കുന്നത്. നാട്ടുകാർ പണപ്പിരിവ് നടത്തി മണ്ണുമാന്തി യന്ത്രം കൊണ്ട് താൽക്കാലികമായി റോഡിന്റെ രൂപം നിർമിച്ചതല്ലാതെ വേറെ ഒരു പ്രവർത്തനവും നടന്നിട്ടില്ല.
ഗതാഗതയോഗ്യമാക്കിയാൽ മണ്ണാർക്കാടുനിന്ന് എടത്തനാട്ടുകര ഭാഗത്തേക്ക് വഴിദൂരം കുറഞ്ഞ പാതയായിമാറും. ഇരട്ടവാരി, കരടിയോട്, തോട്ടപ്പായ് എന്നീ മലയോരങ്ങളിൽ താമസിക്കുന്ന ആദിവാസികളടക്കം നിരവധി കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണിത്. രോഗികളെ മഞ്ചലിൽ കിടത്തി ചുവന്ന് കിലോമീറ്ററുകൾ നടന്ന് വേണം ഗതാഗതയോഗ്യമായ റോഡുകളിലെത്തി വാഹനം മുഖേന ആശുപത്രിയിലെത്തിക്കാൻ.
ഈ റോഡിന്റെ കൂടെ എറ്റടുത്ത അരിയൂർ അമ്പാഴക്കോട് റോഡ്, കല്യാണ കാപ്പ് മൈലാംപാടം റോഡ്, തിരുവിഴാംകുന്ന് അമ്പലപ്പാറ റോഡ് തുടങ്ങി ജില്ലയിൽ 84 റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. പൊതുമരാമത്ത് ഏറ്റടുത്ത എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കിയപ്പോൾ ഈ റോഡ് മാത്രം ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടയായിട്ടുണ്ട്. നവകേരള സദസ്സിലും നാട്ടുകാർ പരാതിയുമായി സമീപിച്ചിരുന്നു.