അപകടം വരുന്നതുവരെ കാത്തിരിക്കണോ?
text_fieldsആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളിലെ അപകടത്തിലായ കെട്ടിടം
ആനക്കര: സ്വാതന്ത്ര്യസമര സേനാനികളുടെ നാട്ടില്‍ അവരുടെ തലമുറകള്‍ പണിതുയര്‍ത്തിയ വിദ്യാലയത്തിലെ കെട്ടിടം അപകടത്തില്‍. ജില്ലയിലെ അധ്യാപക പരിശീലനകേന്ദ്രം കൂടിയായ സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളിലെ പഴയ കെട്ടിടമാണ് വിദ്യാർഥികള്‍ക്ക് ഭീഷണിയാകുന്നത്.
പുതിയ പാചകപ്പുരക്ക് സമീപത്തെ മുന്‍ ക്ലാസ് മുറിയും പിന്നീട് പാചകപ്പുരയായും ഉപയോഗിച്ചുവന്നിരുന്ന കെട്ടിടമാണിത്. പട്ടികകള്‍ തകര്‍ന്ന് ഓടുകള്‍ വീണുകൊണ്ടിരിക്കുകയാണെന്നതിനാല് മഴയില്‍ കുതിര്‍ന്ന് ഭിത്തികളും വീഴാനുള്ള അവസ്ഥയിലാണ്. ചെറിയകുട്ടികളും അധ്യാപകരും അടക്കം സഞ്ചരിക്കുന്ന ഭാഗത്താണെന്നതും നിരവധി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്.
ഇതിനുപുറമെ ഈ സ്കൂളിലെതന്നെ ഒന്നാം ക്ലാസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ക്ലാസുകള്‍ ഡയറ്റിന്റെ കെട്ടിടത്തിലാണ് നടക്കുന്നത്. കാലപ്പഴക്കം ചെന്ന അപകടത്തിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.