സി.പി.എം ആനക്കര ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാകാതെ പിരിഞ്ഞു
text_fieldsആനക്കര: സി.പി.എം ആനക്കര ലോക്കല്‍ സമ്മേളനം ബഹളത്തെത്തുടർന്ന് പൂര്‍ത്തിയാകാതെ പിരിഞ്ഞു. കഴിഞ്ഞ സമ്മേളനത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണയും. ഔദ്യോഗികപക്ഷത്തെ വെട്ടിനിരത്തിയാണ് മറുപക്ഷം കഴിഞ്ഞ തവണ കമ്മിറ്റി പിടിച്ചെടുത്തത്. ഇത്തവണ സമ്മേളനത്തിന്റെ തുടക്കം തന്നെ ബഹളമയമായിരുന്നു. കഴിഞ്ഞ സമ്മേളനകാലത്ത് നടപടി നേരിട്ടവരെ വരെ ഉള്‍പ്പെടുത്തിയാണ് 14 പേരുടെ പാനല്‍ അവതരിപ്പിച്ചത്. ഈ പാനലില്‍ വോട്ടെടുപ്പ് നടന്നാല്‍ ഔദ്യോഗിക പക്ഷത്തിന് നേട്ടമാകുമെന്ന് കണ്ടതോടെ മറുഭാഗത്തുനിന്ന് കൂടുതല്‍ പേര് മത്സരരംഗത്തേക്ക് വന്നു. ഇതോടെ സമ്മേളനം നിര്‍ത്തിവെക്കാന്‍ മേല്‍ ഘടകത്തിന്റെ നിർദേശം വന്നു.
നേരത്തെയുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറി മാറി കെ.പി. പ്രജീഷ് സെക്രട്ടറിയാകുന്നതാണ് മറുപക്ഷത്തെ ചൊടിപ്പിച്ചത്. നേരത്തെ ലോക്കല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന രണ്ട് പേര് മാറുകയും കെ. വിജയന്, കെ.കെ. അശോകന്, എ.വി. ഹംസത്തലി എന്നിവര്‍ പുതിയ കമ്മിറ്റിയില്‍ വരുകയും ചെയ്യുന്ന തരത്തിലുമാണ് സമവായം ഉണ്ടാക്കിയിരുന്നത്. വിഭാഗീയത കാരണം പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ പാർട്ടി പിറകിലോട്ട് പോയ പഞ്ചായത്ത് കൂടിയാണ് ആനക്കര. സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇത്തവണ തൃത്താല ഏരിയ സമ്മേളനത്തിന് ആനക്കര ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ആര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല.