കുമ്പിടിയിൽ പെട്രോൾ പമ്പിന് സമീപം തീപിടിത്തം
text_fieldsകുമ്പിടി കാറ്റാടിക്കടവിലെ പുഴയില്‍ തീപിടിച്ചത് അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കുന്നു
ആനക്കര: കുമ്പിടി കാറ്റാടിക്കടവിലെ പെട്രോൾ പമ്പിന് സമീപം പുഴയിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് പുഴയിലെ പുൽക്കാടുകൾക്കും സമീപത്തെ ചെറുമരങ്ങൾക്കും തീപിടിച്ചത്. പൊന്നാനിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഉടനടി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻദുരന്തം ഒഴിവായി.
തീപിടുത്തത്തെ തുടർന്ന് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു. തീ ആളിപടരാൻ ആരംഭിച്ചതോടെ പമ്പ് ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി.
കാറ്റാടിക്കടവിലെ റോഡിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനത്തിന് പുഴയിലിറങ്ങാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പുൽക്കാടുകൾ നീക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ സമാനസംഭവം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിരക്ഷാസേനാ സംഘം പെട്രോൾ പമ്പ് അധികൃതരെ അറിയിച്ചു. ബന്ധപ്പെട്ടവർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.