ഇല്ലങ്ങളിലും മനകളിലും തൃക്കാക്കരയപ്പനെ കുടിയിരുത്തി
text_fieldsപുറമതില്ശേരി മണ്ണില്‍ മേലേടത്ത് മനയില്‍ തൃക്കാക്കരയപ്പനെ വെക്കുന്നു
ആനക്കര: അത്തം നാളില്‍ ഇല്ലങ്ങളിലും മനകളിലും തൃക്കാക്കരയപ്പനെ കുടിയിരുത്തി. ഓണാഘോഷത്തിന്റെ പ്രധാന ചടങ്ങാണിത്. എന്നാല്‍ മറ്റു വീടുകളില്‍ ഈ ചടങ്ങ് ഉത്രാടത്തിനാണ് നടക്കുക. നാക്കില വെച്ച് രണ്ടിടത്തും തൃക്കാക്കരയപ്പനെ വെക്കും. മൂലം നാളില്‍ നാക്കിലക്കു താഴെ മരപ്പലക വെക്കും. മണ്ണുകൊണ്ടുള്ള തൃക്കാക്കരയപ്പനെ വെച്ചാല്‍ നെറുകയില്‍ അലരിപ്പൂക്കള്‍ കുത്തും. തുമ്പപ്പൂ, കണ്ണാന്തളിപ്പൂ എന്നിവ വട്ടികള്‍ കമഴ്ത്തി തൃക്കാക്കരയപ്പന്റെ നെറുകയില്‍ വര്‍ഷിക്കും. പൂരാടം നാള് ‘മുട്ടി’ക്കുപകരം നാലുകാലുള്ള പീഠമാണ് വെക്കുക. ഇതിനോടൊപ്പം തൃക്കാക്കരയപ്പന്റെ എണ്ണവും കൂടുതല്‍ വെക്കും. ഉത്രാടം നാള് വൈകുന്നേരം രണ്ടാമതും ഒരു തൃക്കാക്കരയപ്പനെ കൂടി വെക്കാറുണ്ട്. പിന്നെ എടുത്ത് ഒഴിവാക്കുന്നത് പൂരുരുട്ടാതി നാളിലാണ്.
നടുമുറ്റത്ത് മൂന്ന് സ്ഥലത്താണ് പീഠങ്ങള്‍. നിലത്ത് അരിമാവുകൊണ്ട് താമരത്താളുകള്‍ അണിഞ്ഞ(വരച്ച) ശേഷം ചുറ്റും ഓണവില്ലും വില്ക്കോലും വരച്ചുവെക്കും. തൃക്കാക്കരയപ്പനെ അരിമാവുകൊണ്ട് അലങ്കരിക്കും. അതിനുശേഷമാണ് നെറുകയില്‍ പൂക്കള്‍ കുത്തുക. മൂന്ന് പീഠങ്ങള്‍ ഉണ്ടാകും. ഒമ്പത് തൃക്കാക്കരയപ്പന്മാര് ഉണ്ടാകും. മഹാബലിക്കും വിഷ്ണുവിനും ശിവനും ലക്ഷ്മിദേവിക്കും ശ്രീപാര്‍വതിക്കും ഗണപതിക്കും സുബ്രഹ്മണ്യനും തിരുവോണം മുതല്‍ നാല് ദിവസവും പഴവും അടയും നിവേദിക്കും. മറ്റുള്ളവര്‍ക്ക് ഓരോ കഷ്ണം പഴം തൊലികളഞ്ഞു വെക്കും. മൂന്ന് പ്രധാന തൃക്കാക്കരയപ്പന്മാര്‍ക്ക് പൂണൂല്, ഓലക്കുട, ദണ്ഡ്, വില്ല്, വില്ക്കോല് എന്നിവ വെച്ചുകൊടുക്കാറുണ്ട്. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലകളിലും ജില്ല അതിര്‍ത്തി പ്രദേശങ്ങളിലെ മനകളിലും ഇല്ലങ്ങളിലും ആഘോഷപൂർവം അപ്പനെ വെക്കല്‍ ചടങ്ങ് നടക്കാറുണ്ട്.


