കാങ്കപ്പുഴ ജലസംഭരണിയിലേക്ക് മാലിന്യം ഒഴുകുന്നു
text_fieldsകുറ്റിപ്പുറം നഗരത്തില്‍നിന്നുള്ള മലിനജലം ഭാരതപ്പുഴയുടെ കുമ്പിടി കാങ്കപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന ഓട
ആനക്കര: കാങ്കപ്പുഴയിലെ ജലസംഭരണ കേന്ദ്രത്തെ മലനപ്പെടുത്തി കുറ്റിപ്പുറം ടൗണിലെ മലിന ജലം. നിർമാണം നടക്കുന്ന കാങ്കപ്പുഴ റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ മുകള്‍ ഭാഗത്ത് ഭാരതപ്പുഴയിലാണ് കുറ്റിപ്പുറം മേഖലയിലുള്ള മലിന ജലം മുഴുവന്‍ ഓവുചാല്‍ വഴി എത്തുന്നത്. നഗരമധ്യത്തില്‍നിന്ന് ഓടയിലൂടെ ജലസംഭരണി പ്രദേശത്തെത്തുന്ന മലിനജലത്തൊടൊപ്പം പ്ലാസ്റ്റിക് മാലിന്യവും ഉണ്ട്.
ജലസ്രോതസ്സുകളുടെ സംരക്ഷണം സര്‍ക്കാരുകളുടെ മുഖ്യ അജണ്ടകളില്‍ ഒന്നായിട്ടും കാങ്കപ്പുഴ ജലസംഭരണ പ്രദേശത്തെക്ക് നഗരമാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ നടപടിയെടുക്കുന്നില്ല. സ്വകാര്യ ഭൂമിയിലൂടെ മൂന്ന് പതിറ്റാണ്ടുമുമ്പ് പഞ്ചായത്ത് നിര്‍മിച്ച അഴുക്കുചാല്‍ അടച്ചില്ലെങ്കില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് ജലവിതരണത്തിനായി നിർമിക്കുന്ന സ്വപ്നപദ്ധതി താളംതെറ്റും.
റഗുലേറ്റര്‍ കം ബ്രിജിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകാനിരിക്കെയാണ് അധികൃതരുടെ ഈ അലംഭാവം. റഗുലേറ്ററിന്റെ ഷട്ടറുകള്‍ അടച്ച് ജലസംഭരണം ആരംഭിച്ചാല്‍ കെട്ടിനിര്‍ത്തുന്ന വെള്ളത്തിലേക്കാകും മലിനജലം ഒഴുകിയെത്തുന്നത്. കം ബ്രിജിന്റെ നിര്‍മാണം ആരംഭിച്ച് ഒന്നര വര്‍ഷമായെങ്കിലും അഴുക്കുചാല്‍ മാറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച വന്നിട്ടില്ല.


