മോഷണശ്രമത്തിനിടെ കിണറ്റില്‍ വീണ് മോഷ്ടാവ്
text_fieldsപിടിയിലായ മോഷ്ടാക്കള്‍
ആനക്കര: മോഷണത്തിനെത്തിയ സംഘത്തിലെ ഒരാള്‍ കിണറ്റില്‍ വീണു. തമിഴ്നാട് സ്വദേശി കരുണാനിധിയാണ് (55) ആനക്കര വടക്കത്ത് പടിക്ക് സമീപം ആളില്ലാത്ത വീടിന്റെ കിണറ്റില്‍ വീണത്. കൂടെയുള്ള ജയരാമനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആനക്കരയിലെ ഗിന്നസ് സെയ്തലവിയും സംഘവും തൃശൂരില്‍നിന്നും വരവെ പാതയോരത്ത് സംശയാസ്പദമായ രീതിയിൽ ഒരാള്‍ നില്ക്കുന്നതു കണ്ടു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് ഒരാള്‍ കിണറ്റില്‍ വീണ കാര്യം അറിയുന്നത്. തുടര്‍ന്ന് കൺട്രോള് റൂമില്‍ വിവരം അറിയിച്ചതോടെ പൊലീസും ഫയര്‍ഫോഴ്സുമെത്തി കരക്ക് കയറ്റി.
തൃത്താല പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് മോഷണത്തിനെത്തിയതാണെന്ന വിവരം ലഭിച്ചത്. തമിഴ്നാട്ടില്‍നിന്ന് ട്രെയിന്‍ മാര്‍ഗമെത്തി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തി മടങ്ങുകയാണ് സംഘത്തിന്റെ രീതി. കൂട്ടത്തില്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നും പ്രതികള്‍ സമ്മതിച്ചു. ആനക്കരയില്‍ കഴിഞ്ഞദിവസം മൂന്ന് വീടുകള്‍ കുത്തിത്തുറന്നിട്ടുണ്ട്.