വിഷുവേലക്കിടെ സംഘർഷം; ഗ്രേഡ് എസ്.ഐക്ക് പരിക്ക്, അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മാത്തൂർ: വിഷുവേലക്കിടെ ഉണ്ടായ സംഘർഷം പിരിച്ചുവിടാൻ എത്തിയ ഗ്രേഡ് സബ് ഇൻസ്പെക്ടറെ മർദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ട് ആറിന് മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേലക്കിടെയാണ് സംഭവം. സംഘർഷം ഒഴിവാക്കാനെത്തിയ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിനെ അഞ്ചുപേർ ചേർന്ന് മർദിക്കുകയായിരുന്നു.
മർദനത്തിനിടെ നിലത്ത് വീണ സുരേഷ് കുമാറിന്റെ ഇടതു തോളിന് പരിക്കേറ്റു. ഇദ്ദേഹത്തെ കുഴൽമന്ദം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുൻ (23), കിഷോർ (30), കെ. ഷാജു (32), കെ. അനീഷ് (30) എന്നിവരെയാണ് കുഴൽമന്ദം പൊലീസ് അറസ്റ്റ്ചെയ്തത്. ഇവരെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.