ആനപ്പേടിയിൽ അട്ടപ്പാടി
text_fieldsകാട്ടാനകളെ തുരത്തുന്നതിനിടയിൽ പരിക്കേറ്റ ഫോറസ്റ്റ് വാച്ചർ രഞ്ജിത്ത്
അഗളി: കാടിറങ്ങുന്ന കാട്ടാനക്കലിയിൽ ജീവൻ പൊലിയുന്നത് തുടർക്കഥയാകുമ്പോൾ ഭീതിയോടെ കഴിയുകയാണ് ഒരുനാട്. കഴിഞ്ഞദിവസം താഴെ മഞ്ചിക്കണ്ടിയിൽ ബൈക്ക് യാത്രികൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് സംഘടിപ്പിച്ച സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ അധികാരികൾ സമ്മതിച്ചു.
ബുധനാഴ്ച രാത്രിയും 15 കാട്ടാനകൾ റോഡിലിറങ്ങി തടസ്സം സൃഷ്ടിച്ചിരുന്നു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. കാട്ടാനകൾ അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച അതുവഴി വന്ന വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. ശാസ്ത്രമേളക്ക് ചുരമിറങ്ങിയ കുട്ടികളുൾപ്പെടെ മടക്കയാത്രയിൽ ആ വഴിയിൽ കുടുങ്ങിയിരുന്നു. ഏറെനേരം കഴിഞ്ഞ് കാട്ടാനക്കൂട്ടം കാടുകയറിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വ്യാഴാഴ്ച രാവിലെയും കാട്ടാനക്കൂട്ടം റോഡിലേക്കിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. അട്ടപ്പാടിയിൽ വിവിധയിടങ്ങളിലായി ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്താൻ പാടുപെടുകയാണ് അട്ടപ്പാടിയിലെ വനം വകുപ്പ്. അട്ടപ്പാടിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആകെ മൂന്ന് റാപ്പിഡ് റെസ്പോൺസ് ടീമുകളാണുള്ളത്.
കഴിഞ്ഞ ദിവസം ഷോളയൂരിലെ വെള്ളകുളം, മൂലഗംഗൽ, കള്ളക്കര, വീട്ടിക്കുണ്ട്, പുതൂരിലെ ചീരക്കടവ്, തേക്കുവട്ട, ചുണ്ടപ്പെട്ടി, വേലമ്പടിക, എന്നിവിടങ്ങളിലായി രാത്രി കാലങ്ങളിൽ കാട്ടാനകൾ ഒറ്റയായും കൂട്ടമായും ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഷോളയൂർ വനം വകുപ്പ് വാച്ചർ രഞ്ജിത്തിന് പരിക്കേറ്റിരുന്നു.


