കാലവർഷം ഇങ്ങെത്തി; കുളം പഴയപടി തന്നെ; എങ്ങുമെത്താതെ അയ്യംകുളം നവീകരണം
text_fieldsഅയ്യംകുളത്തിന് ബണ്ട് നിർമിക്കാനായി കോട്ടായി-കോഴിയോട്-വലിയപറമ്പ് റോഡിനരികിൽ
ചാലുകീറിയ നിലയിൽ
കോട്ടായി: കാലവർഷമെത്തും മുമ്പേ കുളം പണി തീർന്നില്ലെങ്കിൽ ആയിരത്തോളം കുടുംബങ്ങളുടെ യാത്രാമാർഗം അടയും. കുളം പണി സമയ ബന്ധിതമായി തീർത്തില്ലെങ്കിൽ കുളത്തോടു ചേർന്ന റോഡും കുളവും ഒന്നാകുമെന്നതാണ് സ്ഥിതി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ 34 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടക്കുന്ന കോട്ടായി പഞ്ചായത്തിലെ അയ്യംകുളത്തിന്റെ പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. മൂന്നു മാസമായി നടക്കുന്ന പണി പാതി പോലും പൂർത്തിയായിട്ടില്ല. കാലവർഷമെത്തും മുമ്പ് പണി പൂർത്തീകരിക്കുന്ന ലക്ഷണമില്ല. കുളം പണി തീർന്നില്ലെങ്കിൽ മഴക്കാലം തുടങ്ങുന്നതോടെ ആയിരക്കണക്ക് കുടുംബങ്ങളുടെ യാത്രാമാർഗം അടയും.
അയ്യംകുളത്തിനോടു ചേർന്നാണ് കോഴിയോട്, വലിയ പറമ്പ് പ്രദേശത്തേക്കുള്ള റോഡ് പോകുന്നത്. റോഡ് പൂർണമായും തകർന്നതിനു പുറമെ കുളത്തിന്റെ വശം ബണ്ടുകെട്ടാൻ റോഡിന്റെ വശം ഇടിച്ചു പത്തടിയോളം ആഴത്തിൽ ചാലു കീറിയിട്ടുമുണ്ട്.
റോഡ് പണിക്ക് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കുളത്തിന്റെ ബണ്ട് പണി പൂർത്തിയായാലേ റോഡ് പണി നടത്താനാവൂ. മഴയെത്തും മുമ്പ് റോഡ് പണി നടത്തിയില്ലെങ്കിൽ കോഴിയോട്, വലിയ പറമ്പ്, ചേങ്ങോട് പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ പുറത്തിറങ്ങാനാവാതെ ദുരിതത്തിലാവും.
മൂന്നു മാസമായിട്ടും കുളം പണി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കുളത്തിന്റെയും റോഡിന്റെയും പണി സമയബന്ധിതമായി തീർക്കാൻ ഉദ്യാഗസ്ഥരും ജനപ്രതിനിധികളും ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.