കനാൽ ശുചീകരിച്ചില്ല: ജലവിതരണം അവതാളത്തിൽ
text_fieldsജലവിതരണം വൈകിയ എലവഞ്ചേരി കിഴക്കുമുറിയിലെ പാടശേഖരം
കൊല്ലങ്കോട്: കനാൽ ശുചീകരണം നടക്കാത്തതിനാൽ ജലവിതരണം അവതാളത്തിൽ. മീങ്കര ഡാം ജലസേചനത്തിന് തുറന്ന് നൽകിയെങ്കിലും പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകളിലെ വാലറ്റ പ്രദേശങ്ങളിൽ വെള്ളമെത്തിയില്ല. ചുള്ളിയാർ ഡാം വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കുമെങ്കിലും ഇവിടെ ജലസേചന കനാൽ അറ്റകുറ്റപ്പണി പൂർണമായിട്ടില്ല. മീങ്കര ഡാം തുറന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കനാലുകളിലൂടെ വാലറ്റ പ്രദേശങ്ങ ളിൽ ഒരു തുള്ളി വെള്ളം പോലുമെത്താത്തത് കൃഷി ഉണക്ക് ഭീഷണി നേരിടുന്ന കർഷകരുടെ പ്രയാസം ഇരട്ടിയാക്കി.
മീങ്കര ഡാമിന്റെ പരമാവധി സംഭരണശേഷി 39.5 അടിയാണ്. നിലവിൽ 26.5 അടിയാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 38 അടിയായിരുന്നു. ചുള്ളിയാർ ഡാമിൽ 31.5 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 57.5 അടിയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 56.25 അടിയായിരുന്നു. മിങ്കരഡാമിൽ നിന്ന് മൂന്ന് പഞ്ചായത്തുകളിലേക്ക് ജലവിതരണമുള്ളതിനാൽ 20 അടി ജലനിരപ്പെത്തിയാൽ കുടിവെള്ള വിതരണം നിർത്തിവെക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു.
തുറക്കുന്നതിന് ഒരു മാസം മുമ്പ് കനാലിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കണമെന്നിരിക്കെ ആസൂത്രണമില്ലാതെ വെള്ളം തുറന്നതാണ് കൃത്യമായി എത്താതിരിക്കാൻ കാരണമെന്ന് പെരുവെമ്പിലെ കർഷകർ പറയുന്നു. ഡാം തുറന്നതിന്റെ പ്രയോജനം നെൽപാടങ്ങളിൽ ലഭിക്കുന്നില്ലെന്നഎ പുതുനഗരത്തെ കർഷകരും പറയുന്നു. മീങ്കര ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം 2500 ഏക്കർ നെൽകൃഷി നശിക്കുമെന്ന ആശങ്കയിലാണിവർ. വ്യാഴാഴ്ച മുതൽ ചുള്ളിയാർ ഡാമിലൂടെ കൊല്ലങ്കോട് മേഖലയിൽ വിരുത്തി വരെ അഞ്ച് ദിവസം വെള്ളം നൽകും.
വിരുത്തി മുതൽ എലവഞ്ചേരി വരെയും അഞ്ച് ദിവസം നൽകും. ഇതിൽ വിരുത്തി വരെ കനാൽ ശുചീകരണം നടത്തിയെന്ന് ചുള്ളിയാർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഹരികൃഷ്ണൻ പറഞ്ഞു. എന്നാൽ, പൂർണമായും ശുചീകരിച്ചിട്ടില്ലെന്നും സ്ലൂയിസുകളും സബ് കനാലുകളും ഷട്ടറുകളും തകർന്നതായും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.


