ആശുപത്രി മാലിന്യം തള്ളി; നാട്ടുകാർ തിരിച്ചെടുപ്പിച്ചു
text_fieldsചെർപ്പുളശ്ശേരി: നെല്ലായ പട്ടിശ്ശേരി ചെരലിൽ രണ്ട് ഭാഗത്തായി തള്ളിയ നിലയിൽ കണ്ടെത്തിയ ബയോ മെഡിക്കൽ-ആശുപത്രി മാലിന്യം നാട്ടുകാർ തിരിച്ചെടുപ്പിച്ചു. സ്വകാര്യ ഉടമസ്ഥയിലുള്ള പറമ്പിലും ബസ് റൂട്ടുള്ള പ്രധാന പാതയോട് ചേർന്നുമാണ് മാലിന്യം തള്ളിയിരുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞദിവസം അഗ്നിബാധയുണ്ടായ മെഡിക്കൽ സ്ഥാപനത്തിന്റേതാണെന്ന് മനസ്സിലായതോടെ ഇവരുമായി ബന്ധപ്പെട്ടു.
മാലിന്യം അവരുടേതാണെന്നും അത് നീക്കാൻ ഒരുവ്യക്തിക്ക് 25,000 രൂപക്ക് കരാർ നൽകിയതായും അറിയിച്ചു. കരാർ ഏറ്റെടുത്ത വ്യക്തി അത് 10,000 രൂപക്ക് മറ്റൊരു വ്യക്തിക്ക് മറിച്ചുനൽകി. ഈ വ്യക്തിയാണ് മാലിന്യം ഇവിടെ തള്ളിയത്. തുടർന്ന് പൊലീസും ജനപ്രതിനിധികളും നാട്ടുകാരും ഉടമകളെ വിളിച്ചുവരുത്തി മുഴുവൻ മാലിന്യവും നീക്കം ചെയ്തു. ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25,000 രൂപ ഉടമകൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകിയതായി നെല്ലായ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


