ചെർപ്പുളശ്ശേരി നഗരസഭ; ആര് വാഴും? പോര് മുറുകുന്നു
text_fieldsചെർപ്പുളശ്ശേരി: വള്ളുവനാടിന്റെ ഹൃദയഭൂമിയാണ് ചെർപ്പുളശ്ശേരിയിൽ കനത്ത പോരിനാണ് കോപ്പ് കൂട്ടുന്നത്. 2015ൽ നഗരസഭയായി സ്ഥാനക്കയറ്റം കിട്ടിയ ചെർപ്പുളശ്ശേരി 35 വർഷം അധികാരത്തിൽ വാണ ഇടതുപക്ഷത്തെ ഇറക്കുന്നതാണ് കണ്ടത്. 33 വാർഡുകളിൽ 17 സീറ്റുകൾ യു.ഡി.എഫ് നേടി. 14 സീറ്റുകൾ എൽ.ഡി.എഫും രണ്ടെണ്ണം ബി.ജെ.പിയും നേടി. 2020ൽ യു.ഡി.എഫിന് അധികാരത്തുടർച്ച കിട്ടിയതുമില്ല. 33ൽ 18 സീറ്റുകൾ എൽ.ഡി.എഫ് നേടി. യു.ഡി.എഫ് -12, ബി.ജെ.പി -രണ്ട്, വെൽഫെയർ പാർട്ടി -ഒന്ന് എന്നിങ്ങനെയും സീറ്റുകൾ നേടി.
2025ൽ വാർഡുകളിലെ അതിർത്തികളിലോ എണ്ണത്തിലോ വ്യത്യാസമില്ല. 33 വാർഡുകളിൽ യു.ഡി.എഫ് -33, എൽ.ഡി.എഫ് -33, എൻ.ഡി.എ -31, വെൽഫെയർ പാർട്ടി -മൂന്ന്, തൃണമൂൽ കോൺഗ്രസ് -ഒന്ന്, സ്വതന്ത്രർ -അഞ്ച് എന്നിങ്ങനെ 106 സ്ഥാനാർഥികൾ മത്സരത്തിനുണ്ട്. വാർഡ് 12, 21, 33 എന്നിവിടങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ പേരിന് സാമ്യമുള്ള അപരൻമാരും രംഗത്തുണ്ട്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ഇ.വി. നൗഷാദ് വാർഡ് 11ലാണ് മത്സരിക്കുന്നത്. വാർഡ് 11,15, 25 എന്നിവയിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു. വാർഡ് 15 -പുത്തനാൽക്കൽ വെൽഫെയർ പാർട്ടി സിറ്റിങ് സീറ്റാണ്. ഇവിടെ സമീറ ഗഫൂറാണ് പാർട്ടി സ്ഥാനാർഥി. വാർഡ് ആറ്, 22 എന്നിവയിൽ ബി.ജെ.പി സ്ഥാനാർഥികളില്ല. വാർഡ് 26, 33 എന്നിവ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. പലവാർഡുകളിലും കനത്ത മൽസരമാണ് നടക്കുന്നത്.
കടുത്ത മത്സരം നടക്കുന്ന വാർഡാണ് 12 -കച്ചേരികുന്ന്. മുസ്ലിംലീഗ് നേതാവും പ്രഥമ നഗരസഭ വൈസ് ചെയർമാനുമായിരുന്ന കെ.കെ.എ. അസീസും കഴിഞ്ഞ ഭരണസമിതി സ്ഥിരം സമിതി അധ്യക്ഷൻ വി.പി. സമീജും തമ്മിലാണ് പോരാട്ടം. വാർഡ് 19ൽ മുൻ സ്ഥിരം സമിതി അധ്യക്ഷരായ സി.എ. ബക്കറും പി. വിഷ്ണുവും ഏറ്റുമുട്ടുന്നു. വാർഡ് 26ൽ ബി.ജെ.പിക്കായി വിജയിച്ച കെ.പി. പ്രകാശ് നാരായണനെതിരെ സി.പി.എം നേതാവ് സി. ജയകൃഷ്ണനെയാണ് ഇറക്കിയിട്ടുള്ളത്.
യു.ഡി.എഫിനായി അസീസ് തോപ്പയിലും മത്സരിക്കുന്നു. വാർഡ് 33 നാലാലുംകുന്നിൽ ബി.ജെ.പി നേതാവ് പി. ജയനെതിരെ സി.പി.എം യുവനേതാവ് സി. അനന്തനാരായണനും യു.ഡി.എഫിലെ അമീൻ ഫാറൂഖും രംഗത്തുണ്ട്. വാർഡ് 24ൽ പ്രഥമ നഗരസഭ ചെയർപേഴ്സൻ യു.ഡി.എഫിലെ ശ്രീലജ വാഴക്കുന്നത്ത് മത്സരരംഗത്തുണ്ട്. . ഇത്തവണ വനിതയാണ് നഗരസഭയെ നയിക്കുക. വരും ദിവസങ്ങളിൽ കനത്ത പ്രചാരണയുദ്ധത്തിനാകും ചെർപുളശ്ശേരി സാക്ഷിയാകുക.


