കേരള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
text_fieldsചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗത്തിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എല്‍.എ നിർവഹിക്കുന്നു
ചെർപ്പുളശ്ശേരി: ജില്ലയുടെ ആരോഗ്യപരിപാലന രംഗത്ത് പുത്തന്വിപ്ലവം സൃഷ്ടിക്കാന്‍ ചെർപ്പുളശ്ശേരിയിൽ മികച്ച ആതുരസേവനങ്ങളുമായി കേരള മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രി ചെയര്മാന് എ.എ. സലാം അധ്യക്ഷത വഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം പി. മമ്മിക്കുട്ടി എം.എല്‍.എ നിർവഹിച്ചു. ചെർപ്പുളശ്ശേരിക്ക് ഇത്രയധികം അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയുടെ സേവനം അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.
ചികിത്സ ചെലവ് കൂടിവരുന്ന സാഹചര്യത്തില്‍ സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ ഇവിടെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഉദ്ഘാടനഭാഗമായി പത്തോളം വകുപ്പുകളുടെ സേവനവും എല്ലാവിധ സ്പെഷാലിറ്റി സേവനങ്ങളും ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. മുസമ്മില്‍ എ. സലാം പറഞ്ഞു. സെക്രട്ടറി അബ്ദുല്‍ സലാം ആശംസപ്രസംഗം നടത്തി. ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ. ഷെറി പി. മാത്യു സ്വാഗതവും ട്രസ്റ്റി റമീസ് എ. സലാം നന്ദിയും പറഞ്ഞു.
കൊല്ലം ജില്ലയിലെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, ട്രാവന്‍കൂര്‍ ഡെന്റല്‍ കോളജ്, ട്രാവന്‍കൂര്‍ കോളജ് ഓഫ് നഴ്സിങ്, ട്രാവന്‍കൂര്‍ സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ട്രാവന്‍കൂര്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവ കേരള മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹോദര സ്ഥാപനങ്ങളാണ്.