ഋഷികേശിന്റെ നാദംനിലച്ച വയലിനിൽ സ്നേഹത്തിന്റെ ഈണമിട്ട് വൈഗ
text_fieldsവൈഗയെ കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ആദരിക്കുന്നു
ചെർപ്പുളശ്ശേരി: ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരത്തിൽ കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ ഋഷികേശ് ഒന്നാം സ്ഥാനം നേടിയത് ചെർപ്പുളശ്ശേരി എച്ച്.എസ്.എസിലെ വൈഗയുടെ സ്നേഹക്കരുതലിൽ. മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ തൊട്ടുമുമ്പ് വയലിന്റെ സ്ട്രിങ് പൊട്ടിയതിനാൽ മത്സരത്തിൽനിന്നും പിന്മാറാൻ ഒരുങ്ങിയ ഋഷികേശിന് സ്വന്തം വയലിൻ നൽകിയ വൈഗയെ കുണ്ടൂർകുന്ന് സ്കൂൾ അധികൃതർ അനുമോദിച്ചു. മത്സരത്തിൽ ഋഷികേശ് ഒന്നാം സ്ഥാനവും വൈഗ രണ്ടാം സ്ഥാനവും നേടിയപ്പോൾ സ്വന്തം വയലിന് ഫസ്റ്റും സെക്കൻറും ലഭിച്ചു എന്ന് സന്തോഷം പ്രകടിപ്പിച്ച് വൈഗ പുതിയ മാതൃകയായി മാറുകയായിരുന്നു.
കുണ്ടൂർകുന്ന് സ്കൂൾ പ്രതിനിധികളായ മാനേജർ ടി.എം. അനുജൻ, പ്രിൻസിപ്പൽ പി.ജി. പ്രശാന്ത്കുമാർ, ഹെഡ്മാസ്റ്റർ എ.എം. രവീന്ദ്രൻ, കെ.കെ. സുധീർ എന്നിവരാണ് വൈഗയുടെ തൂതയിലെ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം നഗരസഭ നാലാലുംകുന്ന് വാർഡ് കൗൺസിലർ എൻ. കവിത, വടക്കുംമുറി എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ പി. ജയൻ എന്നിവരും സന്നിഹിതരായിരുന്നു. കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്ന് കൊരട്ടിയിൽ ജയന്റെയും കാറൽമണ്ണ യു.പി സ്കൂൾ അധ്യാപിക പ്രതിഭയുടെയും മകളാണ് എട്ടാം ക്ലാസുകാരിയായ വൈഗ.