ചിറ്റൂരിൽ സ്പിരിറ്റ് പിടികൂടിയ സംഭവം; സി.പി.എം ലോക്കൽ സെക്രട്ടറി ഒളിവിൽ
text_fieldsപ്രതീകാത്മക ചിത്രം
ചിറ്റൂർ: ചിറ്റൂർ കമ്പാലത്തറയിലെ തെങ്ങിൻ തോപ്പിൽനിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും പ്രതി. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെയാണ് പ്രതി ചേർത്തത്. ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്റെ വീട്ടിൽവെച്ചാണ് 1260 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യൻ പൊലീസിന്റെ പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ച വിവരം ലഭിച്ചത്.
ഹരിദാസനും പ്രദേശവാസിയായ ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് കണ്ണയ്യൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിപ്പട്ടികയിൽ ചേർത്തത്. പെരുമാട്ടി സി.പി.എം ലോക്കൽ കമ്മിറ്റി യോഗതീരുമാനപ്രകാരം ചൊവ്വാഴ്ച ഏരിയ കമ്മിറ്റി ഹരിദാസനെ പാർട്ടിയിൽനിന്ന് പുറത്താക്കി.
അന്വേഷണം സി.പി.എം ഉന്നത നേതൃത്വത്തിലേക്കും നീട്ടണം -സുമേഷ് അച്യുതൻ
ചിറ്റൂർ: മീനാക്ഷിപുരം കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയ കേസിന്റെ അന്വേഷണം സി.പി.എം ഉന്നത നേതൃത്വത്തിലേക്കും നീട്ടണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. കേസിലെ പ്രതി സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസൻ സ്പിരിറ്റ് കടത്തിലെ കണ്ണി മാത്രമാണ്. ഹരിദാസനെ പുറത്താക്കിയതു കൊണ്ടു മാത്രം സി.പി.എമ്മിന് കേസിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ല.
ചിറ്റൂർ സർക്കിൾ ഓഫിസിലെ എക്സൈസ് ഉദ്യോഗസ്ഥരും സി.പി.എം നേതൃത്വവും തമ്മിലെ പങ്ക് കച്ചവടത്തിലാണ് ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് ഒഴുകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം നേതൃത്വം പലയിടത്തും സ്പിരിറ്റ് സംഭരിച്ചു വെച്ചതായി വിവരമുണ്ടായിട്ടും എക്സൈസ് നടപടി സ്വീകരിക്കാത്തത് കച്ചവടത്തിൽ പങ്കുള്ളതുകൊണ്ടാണ്. ഹരിദാസന്റെ ഫോൺ കോൾ ലിസ്റ്റും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഫോൺ കാൾ ലിസ്റ്റും എടുത്താൽ സ്പിരിറ്റ് മാഫിയയിലെ അംഗങ്ങളെ അറിയാമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.


