കുന്നത്തുപാളത്ത് ഇത്തവണ ‘സുനിത’ ജയിക്കും; ഉറപ്പ്
text_fieldsകുന്നത്തുപാളയം വാർഡിലെ സ്ഥാനാർഥികളായ സുനിതമാരുടെ പ്രചാരണബോർഡുകൾ
ചിറ്റൂർ: ജനവിധി എന്തായാലും ഇക്കുറി ചിറ്റൂർ തത്തമംഗലം നഗരസഭയിലെ കുന്നത്തുപാളയം വാർഡ് കൗൺസിലർ സുനിതയായിരിക്കും. സുനിതയെ മാത്രമേ ജയിപ്പിക്കൂവെന്ന് നാട്ടുകാരും ഉറപ്പിച്ചുകഴിഞ്ഞു. ഇത്തരമൊരു തീരുമാനത്തിലേക്ക് നാട്ടുകാർ എത്താൻ കാരണം മറ്റൊന്നുമല്ല, സ്ഥാനാർഥികളുടെ പേര് തന്നെയാണ്.
മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും പേര് സുനിത എന്നതാണ് ഇപ്രാവശ്യത്തെ ചിറ്റൂരിലെ തെരഞ്ഞെടുപ്പ് കൗതുകം. യു.ഡി.എഫ് സ്ഥാനാർഥി സുനിത ആറുമുഖൻ കൈപ്പത്തി ചിഹ്നത്തിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുനിത പ്രശാന്ത് കുട ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥി സുനിത ലോഗേഷ് താമര ചിഹ്നത്തിലും ജനവിധി തേടുനനു. ഒരേ പേരായതിനാൽ പ്രായമായ വോട്ടർമാർക്ക് തെറ്റിപ്പോകാൻ സാധ്യതയുണ്ടെന്നത് സ്ഥാനാർഥികളെ അലട്ടുന്നുണ്ട്. ചിഹ്നം നോക്കി വോട്ട് ചെയ്യേണ്ട അവസ്ഥയിലാണ് വോട്ടർമാരും.
പ്രചാരണത്തിനിറങ്ങുമ്പോൾ ചിഹ്നവും വോട്ടിങ് മെഷീനിലെ സ്ഥാനവും വോട്ടർമാരെ തുടർച്ചയായി പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും.


