ചിറ്റൂർ അമ്പാട്ടുപാളയത്ത് പത്തിലധികം പേർക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsതെരുവ് നായുടെ കടിയേറ്റവർ ആശുപത്രിയിൽ
ചിറ്റൂർ: അമ്പാട്ടുപാളയത്തു തെരുവുനായുടെ ആക്രമണത്തിൽ പത്തിലധികം പേർക്ക് പരിക്ക്. പരിഭ്രാന്തിയിലായി പ്രദേശവാസികൾ. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണു സംഭവം. അമ്പാട്ടുപാളയം ഇന്ദിരാനഗർ റസിഡൻസിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന പറയങ്കോട് സ്വദേശി എസ്. വൈഷ്ണവിനെ (12) ആണ് ആദ്യം കടിച്ചത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപവാസിയായ എം.ആർ. പണിക്കർക്കും (65) കടിയേറ്റു. ഇവിടെയുള്ളവർ ഓടിച്ചുവിട്ടതിനെ തുടർന്നു നായ വഴിയിൽ കാണുന്നവരെയെല്ലാം കടിക്കുകയായിരുന്നു.
കടമ്പിടി സ്വദേശികളായ പാർവതി (60), ആർ. രതീഷ് (36), വിളയോടി സ്വദേശി എസ്. സതീഷ് (54), മകൾ സമൃതശ്രീ (16), മുതുകാട് സ്വദേശികളായ പി. ശ്രീജിത്ത് (23), സുനിത (43), തറക്കളം സ്വദേശികളായ ശിവദാസ് (38), പ്രശാന്ത് (39), അലച്ചൻകോട് സ്വദേശി വി. ഹരിദാസ് (70) എന്നിവർക്കും കടിയേറ്റു. ബൈക്കിൽ പോകുന്നതിനിടെ അമ്പാട്ടുപാളയത്തുവെച്ചാണു സതീഷിനും മകൾ സമൃതശ്രീക്കും കടിയേറ്റത്. മകളെ ആക്രമിക്കാനായി നായ് ചാടിയപ്പോൾ ബൈക്കിലിരുന്നു തന്നെ കാലുകൊണ്ടു തട്ടിമാറ്റാൻ ശ്രമിച്ചപ്പോഴാണു സതീഷിനു കടിയേറ്റത്. പെട്ടെന്നു ബൈക്ക് നിർത്തിയതോടെ മകളെയും തെരുവുനായ് കടിക്കുകയായിരുന്നു. നെഹ്റു ഓഡിറ്റോറിയത്തിനു സമീപത്തെ കടക്കുമുമ്പിൽ നിൽക്കുന്നതിനിടെയാണു രതീഷിന് കടിയേറ്റത്.
ഓഡിറ്റോറിയത്തിനടുത്തുള്ള വേബ്രിജിനു സമീപത്തുവെച്ചാണു മറ്റു ആളുകൾക്കും കടിയേൽക്കുന്നത്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. ഇതിൽ ഗുരുതര പരിക്കേറ്റ പാർവതിക്ക് അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജില്ല ആശുപത്രിയിലേക്കു മാറ്റി. കടിയേറ്റവർക്കു കൈയിലും മുറിവിലും കുത്തിവെപ്പെടുത്തു. കൈയിൽ കുത്തിവെക്കുന്ന എ.ആർ.എസ് വാക്സീൻ മാത്രമാണു താലൂക്ക് ആശുപത്രികളിൽ ഉണ്ടാകാറുള്ളത്. മുറിവിൽ കുത്തിവെക്കാറുള്ള ഐ.ഡി.ആർ.വി വാക്സിൻ ജില്ല ആശുപത്രിയിൽ മാത്രമേ ഉണ്ടാവാറുള്ളു. എന്നാൽ കഴിഞ്ഞദിവസം ഐ.ഡി.ആർ.വി വാക്സീൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നത് ആശ്വാസകരമായിരുന്നു.
ഇന്നലെ ഇതേ സമയത്തു വിരംപൊറ്റ സ്വദേശി എ. ശശികുമാർ (48), കുറ്റിപ്പള്ളം സ്വദേശി ഷമീൽ മുഹമ്മദ് (16) എന്നിവരും കടിയേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞു മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ.എസ്.ഇ.ബി ഡയറക്ടർ വി. മുരുകദാസ്, ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, വാർഡ് കൗൺസിലർ ആരോഗ്യസ്വാമി തുടങ്ങിയവർ ആശുപത്രിയിലെത്തി. നായയെ പിടി കൂടി പരിശോധന നടത്തി പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി വെറ്ററിനറി അധികൃതർക്കു നിർദേശം നൽകി. ഒരുപശുവിനും പത്തോളം തെരുവുനായ്ക്കൾക്കും നായുടെ കടിയേറ്റിട്ടുണ്ട്.