വെളിച്ചമില്ല; സ്റ്റേഡിയം ബൈപാസ് ജങ്ഷൻ ഇരുട്ടിൽ
text_fieldsപാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് മുന്നിലെ ബൈപാസ്
ജങ്ഷൻ
പാലക്കാട്: നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നായ സ്റ്റേഡിയം ബൈപാസ് സന്ധ്യ മയങ്ങിയാൽ ഇരുട്ടിൽ. രാത്രി വാഹനങ്ങളിലെ വിളക്ക് മാത്രമാണ് യാത്രക്കാർക്ക് വെളിച്ചം കിട്ടാനുള്ള ആശ്രയം. വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ രാത്രി ഇതുവഴി വരുന്നവർ ഇരുട്ടത്ത് നടക്കേണ്ട അവസ്ഥയാണ്.
നഗരത്തിലെ പ്രധാന റോഡുകളായ സുൽത്താൻപേട്ട സ്റ്റേഡിയം റോഡ്, സ്റ്റേഡിയം കൽമണ്ഡപം റോഡ്, കോട്ടമൈതാനം റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ജങ്ഷനാണ് സ്റ്റേഡിയം ബൈപാസ്. അതിനാൽ ധാരാളം വാഹനങ്ങളും ആളുകളും ഇതുവഴി കടന്നുപോകാറുണ്ട്. സ്റ്റാൻഡിൽ ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൈപാസിലേക്ക് വെളിച്ചമെത്തുന്നില്ല.
പാർക്കിങ് ഏരിയയിലുളള മരത്തിന്റെ കൊമ്പുകൾ ഉയരത്തിൽ വളർന്നുനിൽക്കുന്നതാണ് ഇതിന് കാരണം. സ്റ്റാൻഡിന് മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അടുത്തകാലത്തായി ബൈപാസ് ജങ്ഷനിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന്തര റോഡിനും ബൈപാസിനും ഇടക്ക് സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി മരങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.
സന്ധ്യ മയങ്ങിയാൽ സുൽത്താൻപേട്ട ഭാഗത്തുനിന്ന് വരുന്ന ബസുകൾ സ്റ്റാൻഡിനു മുന്നിലും ബൈപാസിലും അലക്ഷ്യമായി നിർത്തുന്നതിനാൽ സ്റ്റാൻഡിനകത്തേക്ക് പോകേണ്ട യാത്രക്കാർ ഇരുട്ടിലിറങ്ങി നടക്കണം.
രാപ്പകലന്യേ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന ബൈപാസ് ജങ്ഷനിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.