Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightചിറ്റൂരിൽ ഇക്കുറി...

ചിറ്റൂരിൽ ഇക്കുറി പോരാട്ടം കടുക്കും

text_fields
bookmark_border
ചിറ്റൂരിൽ ഇക്കുറി പോരാട്ടം കടുക്കും
cancel

ദിലീപ് ചിറ്റൂർ

ചിറ്റൂർ: ജലത്തിന്റെ രാഷ്ട്രീയമാണ് ചിറ്റൂരിലെ മുന്നണികളുടെ ഗതിവിഗതികൾ നിർണയിച്ചിരുന്നത്. കോൺഗ്രസിനൊപ്പം തന്നെ സോഷ്യലിസ്റ്റുകൾക്കും വളക്കൂറുള്ള മണ്ണിൽ എല്ലാക്കാലവും ചർച്ചയായിട്ടുള്ളത് സംസ്ഥാന ദേശീയ രാഷ്ട്രീയത്തേക്കാൾ ഉപരി പ്രാദേശിക വിഷയങ്ങൾ തന്നെയാണ്. തമിഴകത്തോട് അതിരുപങ്കിടുന്ന കിഴക്കൻ മേഖലയിലെ കർഷകർ നിർണായക ശക്തിയായ ചിറ്റൂർ നിയോജകമണ്ഡലത്തിൽ മാറിവരുന്ന സർക്കാറുകളുടെ പ്രധാന രാഷ്ട്രീയസമസ്യ കൃഷിക്കും കുടിവെള്ളത്തിനുമുള്ള ജലം തന്നെയാണ്. കാലങ്ങളായി ഇടത് വലതുമുന്നണികൾ പ്രധാനമായും ഉന്നയിക്കുന്നതും ജല വിഷയങ്ങൾ തന്നെയാണ്. മഴനിഴൽ പ്രദേശമായ കിഴക്കൻ മേഖലയിലെ പ്രധാന ചർച്ചാവിഷയം ഇക്കുറിയും അന്തർസംസ്ഥാന നദീജല കരാറുകളും കുടിവെള്ളവും തന്നെയാണ്. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ചിറ്റൂരിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ എതിരാളിയാണ് ജനതാദൾ.

20 വർഷം തുടർച്ചയായി കോൺഗ്രസ് ജയിച്ച മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന്റെ കൈയിലാണ്. ഇത്തവണ ഇതു തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. മണ്ഡലം നിലനിർത്താനുള്ള കഠിനപരിശ്രമത്തിൽ എൽ.ഡി.എഫും പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നു. നെല്ലുസംഭരണത്തിലെ പാകപ്പിഴകളും ഭരണവിരുദ്ധ വികാരവുമെല്ലാം വോട്ടാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ, മന്ത്രി കൂടിയായ കൃഷ്ണൻകുട്ടിയുടെ മണ്ഡലത്തിലെ ജനകീയതയും വികസന പ്രവർത്തനങ്ങളുമെല്ലാം എൽ.ഡി.എഫിനും ആത്മവിശ്വാസം നൽകുന്നു.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റൂർ-തത്തമംഗലം നഗരസഭയും കൊഴിഞ്ഞാമ്പാറ പഞ്ചായത്തും യു.ഡി.എഫ് തിരിച്ചുപിടിച്ചു. കൊഴിഞ്ഞാമ്പാറയിൽ സി.പി.എം വിമതർ യു.ഡി.എഫിനൊപ്പം നിന്നാണ് ഭരണം പിടിച്ചത്. ഇതു നിയമസഭ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 30 സീറ്റിൽ 19 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലേറിയത്. ഒമ്പത് തദ്ദേശ സ്‌ഥാപനങ്ങളിൽ നഗരസഭ ഉൾപ്പെടെ നാല് എണ്ണത്തിൽ യു.ഡി.എഫും അഞ്ച് പഞ്ചായത്തിൽ എൽ.ഡി.എഫുമാണ് അധികാരത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പുഫലം വെച്ചുനോക്കുമ്പോൾ എൽ.ഡി.എഫിനാണ് നിലവിൽ മുൻതൂക്കം. 6,735 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിനുള്ളത്. ഡി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എ കെ. അച്യുതന്റെ മകനുമായ സുമേഷ് അച്യുതൻ ആയിരിക്കും യു.ഡി.എഫ് സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പാണ്. ഐ.എസ്.ജെ.ഡി സ്ഥാനാർഥിയായി അഡ്വ. മുരുകദാസിനെ കഴിഞ്ഞദിവസം മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 33,878 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണു കൃഷ്ണൻകുട്ടി വിജയിച്ചത്. യു.ഡി.എഫിൽ സുമേഷ് അച്യുതനായിരുന്നു സ്ഥാനാർഥി. 1965ൽ എസ്എസ്.പിയിലെ കെ.എ. ശിവരാമഭാരതി ചിറ്റൂരിന്റെ ആദ്യ എം.എൽ.എയായി. 1967ലും 1970ലും ശിവരാമഭാരതി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ സി.പി.ഐയിലെ പി. ശങ്കർ വിജയിച്ചു. 1980ൽ കെ. കൃഷ്ണൻകുട്ടി ആദ്യമായി ചിറ്റൂരിന്റെ എം.എൽ.എയായി. 1987ൽ കോൺഗ്രസിലെ കെ.എ. ചന്ദ്രൻ, 1991ൽ കെ. കൃഷ്ണൻകുട്ടി, 1996 മുതൽ 2011 വരെ കോൺഗ്രസിലെ കെ. അച്യുതൻ, 2016 മുതൽ കെ. കൃഷ്ണൻകുട്ടി എന്നിവരാണ് ചിറ്റൂരുകാരുടെ ജനപ്രതിനിധികളായി വിജയിച്ചത്.

പറമ്പിക്കുളം ആളിയാർ അന്തർ സംസ്ഥാന നദീജല കരാർ കാലാനുസൃതമായി പുതുക്കണമെന്ന് പതിറ്റാണ്ടുകളായി കർഷകർ ഉന്നയിക്കുന്ന ആവശ്യമാണ്. ഇതേ ആവശ്യം ഉന്നയിച്ചാണ് മാറിവരുന്ന മുന്നണികൾ അധികാരത്തിലെത്തിയതും. നിയമസഭ തെരഞ്ഞെടുപ്പിൽ കന്നി അങ്കം ആണെങ്കിലും പൊതുപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുണ്ട് വി. മുരുകദാസിന്. ജില്ല പഞ്ചായത്ത് അംഗമായും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും കെ.എസ്.ഇ.ബി ബോർഡ് അംഗമായും ഒക്കെ വർഷങ്ങളുടെ പൊതുപ്രവർത്തന പരിചയം മുരുകദാസിന് മുതൽക്കൂട്ടാകും. ഏറെക്കുറെ ശിഥിലമായ ചിറ്റൂരിലെ കോൺഗ്രസിനെ ഉയർത്തിക്കൊണ്ടുവന്നതിന്റെ ആത്മവിശ്വാസവുമായാണ് അഡ്വ. സുമേഷ് അച്യുതൻ മത്സരരംഗത്ത് എത്തുന്നത്. കൈവിട്ടുപോയ ചിറ്റൂർ തത്തമംഗലം നഗരസഭയും വടകരപ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളും തിരിച്ചുപിടിക്കാൻ സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇക്കുറി ബി.ജെ.പി ഘടകകക്ഷിയായ എ.ഐ.എഡി.എം.കെക്ക് ചിറ്റൂർ സീറ്റ് മാറ്റിവെക്കുമെന്നാണ് സൂചന.

2021ലെ നിയമസഭ കക്ഷിനില :

കെ. കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്): 84,672,

സുമേഷ് അച്യുതൻ (യു.ഡി.എഫ്): 50,794, വി. നടേശൻ (എൻ.ഡി.എ): 14,458

Show Full Article
TAGS:chittur localnews election 
News Summary - The fight will be tough this time in Chittoor
Next Story