ഹണി ട്രാപ്പിലൂടെ കവർച്ച; രണ്ടുപേർ റിമാൻഡിൽ
text_fieldsമൈമൂന, ശ്രീജേഷ്
ചിറ്റൂർ (പാലക്കാട്): ഹണിട്രാപ്പിലൂടെ ആഭരണവും പണവും കവർന്ന കേസിൽ സ്ത്രീയടക്കം രണ്ടു പേർ റിമാൻഡിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ കവർച്ചയിൽ മലപ്പുറം മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരിൽ താമസക്കാരിയുമായ മൈമൂന (44), കുറ്റിപ്പള്ളം പാറക്കാൽ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
ചൊവ്വാഴ്ച വൈകുന്നേരം മൈമൂനയും മറ്റൊരു യുവാവും കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. താൻ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് ജോത്സ്യനെ വീട്ടിലേക്ക് ക്ഷണിച്ചു. ബുധനാഴ്ച രാവിലെ ജോത്സ്യനെ രണ്ട് യുവാക്കൾ നിരവധി കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ (37) വീട്ടിലേക്ക് കൊണ്ടുപോകുകയും പ്രതീഷ് ഇദ്ദേഹത്തെ മർദിച്ച് വിവസ്ത്രനാക്കുകയുമായിരുന്നു. മൈമൂനയെ ജ്യോത്സ്യനൊപ്പം നിർത്തി ഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. തുടർന്ന് നാലര പവൻ വരുന്ന സ്വർണമാലയും മൊബൈൽ ഫോണും 2000 രൂപയും കൈക്കലാക്കി. ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം തന്നില്ലെങ്കിൽ ഫോട്ടോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
മൈമൂനയും മറ്റൊരു സത്രീയുമുൾപ്പെടെ പത്തു പേരാണ് കേസിലുള്ളതെന്നും തിരച്ചിൽ ഊർജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. പൊലീസിനെ കണ്ട് ഭയന്നോടിയ പ്രതികളിലൊരാളായ ജിതിൻ വീണ് കാലിന് പരിക്കേറ്റ് വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കവർച്ചയുടെ മുഖ്യ ആസൂത്രകൻ പ്രതീഷാണെന്നാണ് സൂചനയെന്ന് ചിറ്റൂർ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. മീനാക്ഷിപുരം സി.ഐ എം. ശശിധരൻ, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്.ഐമാരായ എം. മുഹമ്മദ് റാഫി, എം. നാസർ, എ.എസ്.ഐ എൻ. സൈറാബാനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം. കലാധരൻ, സി. രവീഷ്, ആർ. രതീഷ്, എച്ച്. ഷിയാവുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.