മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ചു
text_fieldsവാര്യത്ത് കാട്ടിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
ചിറ്റൂർ: മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ചു. നല്ലേപ്പിള്ളി പഞ്ചായത്തിലെ വാര്യത്ത് കാട്ടിൽ പ്രവർത്തിക്കുന്ന ട്രോണോ പ്ലാസ്റ്റിക് കമ്പനിയിലെ മാലിന്യത്തിനാണ് തീപിടിച്ചത്. ക്ലീൻ കേരള കമ്പനി മുഖേന സ്വകാര്യ സ്ഥാപനത്തിന് കൈമാറിയ മാലിന്യങ്ങളിൽ ശനിയാഴ്ച പുലർച്ച മൂന്നരയോടെയാണ് തീ പടർന്നത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ഈ കമ്പനിയുമായി ധാരണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് പ്ലാസ്റ്റിക് മാലിന്യം കൈമാറുകയുമാണ് ചെയ്യുന്നത്.
അങ്ങനെ കൈമാറിയ മാലിന്യമാണ് അഗ്നിക്കിരയായത്. ഏകദേശം 60 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെന്നു ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. അതിൽ പകുതിയിലേറെയും അഗ്നിക്കിരയായിട്ടുണ്ട്. പാലക്കാട്, കഞ്ചിക്കോട്, കൊല്ലങ്കോട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷ സേനയുടെ യൂനിറ്റുകളെത്തി മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമായത്.