കർഷകസമര പോരാട്ടഭൂമിയിൽ സി.പി.എം സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
text_fieldsസി.പി.എം ജില്ല സമ്മേളന നഗരിയിൽ മുതിർന്ന അംഗം വി.കെ. ജയപ്രകാശ് പതാക ഉയർത്തുന്നു
ചിറ്റൂർ: കർഷകസമര പോരാട്ടഭൂമിയായ ചിറ്റൂരിൽ സി.പി.എം ജില്ല സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ചരിത്രത്തിലാദ്യമായി വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ചിറ്റൂരിന്റെ മണ്ണിലെത്തിയ സമ്മേളനത്തെ ആവേശത്തോടെയാണ് നാട് വരവേറ്റത്. തത്തമംഗലം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസങ്ങളായി നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സി.കെ. രാജേന്ദ്രൻ താൽക്കാലിക അധ്യക്ഷനായി. പ്രതിനിധി സമ്മേളന നഗരിയിൽ മുതിർന്ന അംഗം വി.കെ. ജയപ്രകാശ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു. രക്തസാക്ഷി പ്രമേയം പി. മമ്മിക്കുട്ടിയും അനുശോചന പ്രമേയം എ. പ്രഭാകരനും അവതരിപ്പിച്ചു.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു, എം. സ്വരാജ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. ചിറ്റൂർ ഏരിയ സെക്രട്ടറി ശിവപ്രകാശ് സ്വാഗതം പറഞ്ഞു.
രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുഷ്പചക്രമർപ്പിച്ച് അഭിവാദ്യം ചെയ്യുന്നു
ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ വൈകീട്ട് പൊതുചർച്ച ആരംഭിച്ചു. സി.കെ. രാജേന്ദ്രൻ, കെ.എസ്. സലീഖ, വി. പൊന്നുക്കുട്ടൻ, കെ.സി. റിയാസുദ്ദീൻ എന്നിവരടങ്ങിയ പ്രസീഡിയവും വി. ചെന്താമരാക്ഷൻ കൺവീനറും എം. ഹംസ, കെ. പ്രേമകുമാർ, കെ.ഡി. പ്രസേനൻ, എസ്. കൃഷ്ണദാസ്, സുബൈദ ഇസഹാഖ്, കെ. ജയദേവൻ, ആർ. ജയദേവൻ, എസ്.ബി. രാജു എന്നിവർ അംഗങ്ങളായ പ്രമേയ കമ്മിറ്റിയും എസ്. അജയകുമാർ കൺവീനറും എസ്. സുഭാഷ്ചന്ദ്രബോസ്, കെ. ശാന്തകുമാരി, പി.പി. സുമോദ്, കെ. ബിനുമോൾ, ടി. ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളായ ക്രഡൻഷ്യൽ കമ്മിറ്റിയും വി.കെ. ചന്ദ്രൻ കൺവീനറും ടി.എം. ശശി, നിതിൻ കണിച്ചേരി, എൻ. സരിത എന്നിവർ അംഗങ്ങളായ മിനുട്സ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
വൈകീട്ട് ‘കേരളീയ നവോത്ഥാനം ഇന്നലെ, ഇന്ന്’ എന്ന വിഷയത്തിൽ പൊതുസമ്മേളന നഗരിയിൽ നടന്ന സെമിനാർ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.