വിഷാദവും തളർച്ചയും നീന്തിക്കയറാം; ഭിന്നശേഷിക്കാർക്ക് പരിശീലനവുമായി വിമുക്ത ഭടൻ
text_fieldsശശീന്ദ്രൻ മലമ്പുഴ ചെക്ക് ഡാമിൽ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കുന്നു
ശശീന്ദ്രൻ
പാലക്കാട്: പരിമിതികളെ തോൽപിച്ച് ഒഴുക്കിനെതിരെ നീന്താൻ ഭിന്നശേഷി വിഭാഗക്കാരെ പരിശീലിപ്പിച്ച് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ. അകത്തേത്തറ സൂര്യാനഗർ ദ്വാരകയിൽ കെ. ശശീന്ദ്രനാണ് ഓട്ടിസം, സെറിബ്രൽ പാൾസി, വിഷാദരോഗം പോലുള്ള അസുഖങ്ങൾ ബാധിച്ചവരെ നീന്തൽ പരിശീലനത്തിലൂടെ മിടുക്കരാക്കിയെടുക്കുന്നത്. വ്യോമസേനയിൽനിന്ന് വിരമിച്ച ശേഷം മൂന്ന് വർഷം മുമ്പാണ് മലമ്പുഴ ചെക്ക് ഡാമിൽ ശശീന്ദ്രൻ നീന്തൽ പരിശീലനം ആരംഭിച്ചത്.
പ്രഫഷനൽ നീന്തൽ താരമായ ശശീന്ദ്രൻ നീന്തൽ പരിശീലിപ്പിക്കുന്നതും ആ രീതിയിൽ തന്നെയാണ്. നാല് മുതൽ 57 വയസ്സ് വരെയുള്ളവർ ചെക്ക് ഡാമിൽ നീന്തൽ പരിശീലനത്തിനെത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് പരിശീലനത്തിലുള്ളതിലേറെയും. സ്വിമ്മിങ് പൂൾ അല്ലാത്തതിനാൽ ക്ലോറിന്റെ പ്രശ്നവുമില്ല.
ഓട്ടിസം, വിഷാദരോഗം തുടങ്ങിയവ ബാധിച്ചവർക്ക് വാട്ടർ തെറപ്പി മികച്ച ചികിത്സാരീതിയാണെന്ന് ശശീന്ദ്രൻ പറയുന്നു. അക്രമാസക്തരായ ഒട്ടേറെ കുട്ടികൾ കൃത്യമായ നീന്തൽ പരിശീലനത്തിലൂടെ ശാന്തസ്വഭാവമുള്ളവരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൈയിൽ ട്യൂബിട്ട് ഏറെ നേരം പരിശീലിപ്പിക്കണം. വളരെയധികം സമയമെടുത്താണ് ഇവരെ പരിശീലിപ്പിച്ചെടുക്കുന്നത്. നടുവേദനമൂലം ബുദ്ധിമുട്ടുന്നവർക്കും നീന്തൽ ഉത്തമമാണെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. ശശീന്ദ്രന്റെ ഭാര്യയും പാലക്കാട് താലൂക്ക് ഓഫിസ് ജീവനക്കാരിയുമായ എസ്. പ്രമീള അസഹ്യമായ നടുവേദനമൂലമാണ് ചെക്ക്ഡാമിൽ നീന്തൽ പരിശീലനത്തിനെത്തിയത്. നടുവേദന മാറിയതോടെ സംസ്ഥാനതലത്തിൽ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിലുൾപ്പെടെ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്. ഇരുവരും ചേർന്നാണ് പരിശീലനം മുന്നോട്ടുകൊണ്ടുപോകുന്നത്.
30ഓളം പേരാണ് നിലവിൽ ശശീന്ദ്രന് കീഴിൽ നീന്തൽ പരിശീലനം നടത്തുന്നത്
രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലന സമയം. രണ്ട് കൈയിനും കാലിനും ശേഷിയില്ലാതിരുന്ന പെൺകുട്ടി നീന്തലിലൂടെ നടക്കാൻ തുടങ്ങിയത് ശശീന്ദ്രൻ ഇന്നും സന്തോഷത്തോടെയാണ് ഓർക്കുന്നത്. പനി ബാധിച്ച് മൂന്നാം വയസ്സിൽ തളർന്നുപോയ പെൺകുട്ടി നിരന്തരമായ നീന്തൽ പരിശീലനത്തിലൂടെയാണ് ചലനശേഷി തിരികെ നേടിയതെന്നും ശശീന്ദ്രൻ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നും ഓട്ടിസം ബാധിതരായ കുട്ടികളുമായി രക്ഷിതാക്കൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവർക്ക് പുറമേ സാധാരണ കുട്ടികളും പരിശീലനം നടത്തുന്നുണ്ട്. ശശീന്ദ്രന്റെ മക്കളായ സിദ്ധാർഥ്, സഞ്ജയ് എന്നിവരും നീന്തൽ താരങ്ങളാണ്.


