ജില്ല പഞ്ചായത്ത്; എൽ.ഡി.എഫ് കുത്തകയിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ്
text_fieldsപാലക്കാട്: വാർഡ് പുനർവിഭജനശേഷം ഏറെ ആത്മവിശ്വാസത്തോടെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് അടി പതറി. തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ലെങ്കിലും കുത്തക ഇല്ലാതാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞടുപ്പിൽ ലഭിച്ച 27ൽനിന്ന് 19ലേക്ക് ചുരുങ്ങി എൽ.ഡി.എഫ്. 2020ൽ ലഭിച്ച മൂന്നിൽനിന്ന് 12ലേക്ക് ഉയർത്താൻ യു.ഡി.എഫിനായി.
മാത്രമല്ല കഴിഞ്ഞ പ്രാവശ്യം ലഭിച്ച ഒരു സീറ്റിൽനിന്ന് എട്ട് സീറ്റിലേക്ക് ഉയർത്താനും കോൺഗ്രസിന് കഴിഞ്ഞു. ഈ പ്രാവശ്യം 24 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. ആറു ഡിവിഷനുകളിൽ മത്സരിച്ച മുസ്‍ലിംലീഗാകട്ടെ അലനല്ലൂർ, തെങ്കര ഡിവിഷനുകളിൽ നിലനിർത്തിയതോടൊപ്പം മുതുതല, ചളവറ ഡിവിഷനുകൾ പിടിച്ചെടുത്ത് നില മെച്ചപ്പെടുത്തി. യു.ഡി.എഫിന്‍റെ ഘടകക്ഷിയായ സി.എം.പി മത്സരിച്ച പുതുപ്പരിയാരം എൽ.ഡി.എഫ് നിലനിർത്തി. 22 ഡിവിഷനുകളിൽ മത്സരിച്ച സി.പി.എമ്മിന് 15 സീറ്റ് ലഭിച്ചു.
എൽ.ഡി.എഫിലെ ഘടകകക്ഷികളായി കേരള കോൺഗ്രസ് (എം), എൻ.സി.പി എന്നിവ കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം ഡിവിഷനുകളിൽ വീണ്ടും ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. അതേസമയം ജെ.ഡി.എസ് മത്സരിച്ച കോഴിപ്പാറ, മീനാക്ഷിപുരം സീറ്റുകൾ ഈ പ്രാവശ്യവും നിലനിർത്തി. അഞ്ച് ഡിവിഷനുകളിൽ മത്സരിച്ച് സി.പി.ഐ അട്ടപ്പാടിയിലും തരൂരിലും മാത്രം ഒതുങ്ങി. 31 ഡിവിഷനിലും മത്സരിച്ച എൻ.ഡി.എക്ക് ഈ തെരഞ്ഞെടുപ്പിലും സീറ്റ് നേടാനായില്ലെങ്കിലും പറളി, പുതുപരിയാരം, അമ്പലപ്പാറ, വാണിയംകുളം ഡിവിഷനുകളിൽ രണ്ടാമത് എത്താൻ കഴിഞ്ഞു. ആകെ ഡിവിഷൻ 31: എൽ.ഡി.എഫ്-19 (സി.പി.എം-15, സി.പി.ഐ-2, ജെ.ഡി.എസ്-2), യു.ഡി.എഫ് -12 (കോൺ. -8, മുസ്‍ലിംലീഗ് -4).
ഉയർന്ന ഭൂരിപക്ഷം അമ്പലപ്പാറയിൽ
പാലക്കാട്: ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ലഭിച്ച ഉയർന്ന ഭൂരിപക്ഷം അമ്പലപ്പാറയിൽ. വനിത സംവരണ വാർഡായ ഇവിടെ സി.പി.എമ്മിലെ വൈ.എൻ. ഷീജയാണ് 12002 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഷീജക്ക് 29,588 വോട്ടും തൊട്ടടുത്ത എതിർ സ്ഥാനാർഥി ബി.ജെ.പിയിലെ രശ്മി ബൈജുവിന് 17586 വോട്ടും ലഭിച്ചു. ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ മത്സരിച്ച കെ. വിനീതക്ക് 9911 വോട്ടും ലഭിച്ചു. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വനിത സംവരണമായ കോഴിപ്പാറ ഡിവിഷനിലാണ്. ഇവിടെ ജനതാദൾ എസിലെ സിന്ധുവാണ് 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിന്ധുവിന് 17,850 വോട്ടും തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിലെ അശ്വതി മണികണ്ഠന് 17,510 വോട്ടും ലഭിച്ചു.


