സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിനൊരുങ്ങി ജില്ല
text_fieldsപാലക്കാട്: സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിനൊരുങ്ങി ജില്ല. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ ഞായറാഴ്ച മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായി വരികയാണ്. ജില്ലയിൽ ആകെ 88 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളുമാണുള്ളത്.
എല്ലായിടത്തും കാമ്പയിന്റെ ഭാഗമായി ഹരിത കർമസേനയുടെ വാതിൽപ്പടി അജൈവ മാലിന്യ ശേഖരണം 95 ശതമാനം കൈവരിച്ചു. പാതയോരങ്ങളിലും സ്ഥിരം മാലിന്യം തള്ളൽ കേന്ദ്രങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയിട്ടില്ലെന്ന് ക്ലീൻ കേരള മുഖേന ഉറപ്പാക്കി. ജില്ലയിൽ മാർച്ച് മാസം മാത്രം 637 ടൺ മാലിന്യമാണ് ക്ലീൻ കേരള കമ്പനി ശേഖരിച്ച് നീക്കം ചെയ്തത്.
ഇതിൽ 5,18,775 കിലോ ഗ്രാം നിഷ്ക്രിയ മാലിന്യവും 1,18,793.60 കിലോ ഗ്രാം തരം തിരിച്ച മാലിന്യവും ഉൾപ്പെടുന്നു. പ്രഖ്യാപനത്തോടനുബന്ധിച്ച് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മൊത്തമായി മാലിന്യം നീക്കം ചെയ്തതോടെയാണ് ഇത്രയും വർധിച്ചത്.
പ്രഖ്യാപനം ഏപ്രിൽ ഏഴിന്
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലതല പ്രഖ്യാപനം ഏപ്രിൽ ഏഴിന് വൈകീട്ട് മൂന്നിന് പാലക്കാട് പ്രസന്ന ലക്ഷമി ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. മാലിന്യ സംസ്കരണമേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിക്കും.
മികച്ച പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, സി.ഡി.എസ്, സ്ഥാപനം തുടങ്ങിയ മേഖലയിലാണ് അനുമോദനം നൽക്കുന്നത്. ഗ്രാമ പഞ്ചായത്ത്, നഗരസഭ തലത്തിലുള്ള മാലിന്യമുക്ത പ്രഖ്യാപനങ്ങൾ മാർച്ച് 30നകം അതത് തദ്ദേശസ്ഥാപനങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള പ്രഖ്യാപനം ഏപ്രിൽ മൂന്നിനു അതത് ബ്ലോക്ക് പഞ്ചായത്തുകളിലും നടക്കും.
പ്രതിസന്ധികളും കടമ്പകളുമേറെ
ഹരിതകർമ സേന എം.സി.എഫുകളിൽ എത്തിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനി കൃത്യമായ ഇടവേളകളിൽ നീക്കുന്നുണ്ട്. കാമ്പയിന്റെ ഭാഗമായി മാലിന്യം തള്ളിയിരുന്ന ചില സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടങ്ങളുമൊരുക്കിയിട്ടുണ്ട്. എന്നാൽ ഇവ നിലനിർത്താനും പരിപാലിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടപ്പാക്കേണ്ടത് അനിവാര്യമാണ്. മാലിന്യം വലിച്ചെറിയൽ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം കുറവാണെന്ന് അധികൃതർ തന്നെ ചൂണ്ടിക്കാട്ടുന്നു.
ബോധവത്കരണവും മാലിന്യം തള്ളുന്നവർക്കെതിരെയുള്ള ശിക്ഷ നടപടികളും കർശനമായി നടപ്പാക്കിയാൽ മാത്രമേ സമ്പൂർണ ശുചിത്വം നിലനിർത്താനാവൂ.അതേസമയം മാലിന്യം തള്ളലും നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗവും പരിശോധിക്കാനുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ജില്ലതലത്തിലും പഞ്ചായത്ത് തലത്തിലുമാണ് സ്ക്വാഡുകളുള്ളത്. വഴിയോര കച്ചവടങ്ങളിലടക്കം നിരോധിത പ്ലാസ്റ്റിക് കവറുകൾ സുലഭമാണെങ്കിലും ഇവിടങ്ങളിൽ ശക്തമായ പരിശോധന ഇല്ലെന്നാണ് ആക്ഷേപം.