ജില്ല സ്കൂൾ കലോത്സവം; ഒന്നാം വരവ് ഒന്നാന്തരമാക്കി നിവേദ്
text_fieldsആലത്തൂർ: ഒന്നാം വരവ് ഒന്നാന്തരമാക്കി നിവേദ്. ഹൈസ്‌കൂൾ വിഭാഗം ഓടക്കുഴൽ വാദനത്തിൽ ആദ്യമായാണ് നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി എൻ.വി. നിവേദ് പങ്കെടുത്തത്. കന്നി മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനവും തൂക്കിയാണ് മിടുക്കന്റെ മടക്കം. കല്യാണി രാഗത്തിൽ മിശ്രചാപ് താളത്തിൽ ‘പങ്കജലോചന...’ എന്ന സ്വാതി തിരുനാൾ കീർത്തനമാണ് നിവേദ് ഓടക്കുഴലിൽ വായിച്ചത്.
കലാകുടുംബത്തിൽ നിന്നാണ് നിവേദിന്റെ വരവ്. അച്ഛൻ വിനോദ്കുമാർ ഫ്ലൂട്ടിസ്റ്റാണ്. ആദ്യ ഗുരുവും അച്ഛൻ തന്നെ. അച്ഛനിൽ തുടങ്ങി അച്ഛന്റെ ഗുരുവായ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരൻ കുടമാളൂർ ജനാർദനിൽ തുടരുകയാണ് നിവേദിന്റെ ഓടക്കുഴൽ പരിശീലനം. മോഹിനിയാട്ടം നർത്തകി ഡോ. കലാമണ്ഡലം നിഖിലയാണ് അമ്മ. ഇന്ത്യയിലെ ശാസ്ത്രീയ നൃത്തങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന സ്പിക് മാകെ ടീം അംഗമാണ് ഡോ. നിഖില. സഹോദരി: ഒന്നാം ക്ലാസ്സുകാരി നിഗമ.


