വിഭ്യാഭ്യാസ രംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരും -മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
text_fieldsഭീമനാട് ഗവ. യു.പി സ്‌കൂളിൽ നിർമിച്ച ഓപൺ ജിം മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
അലനല്ലൂർ: വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളെ കുറിച്ചുള്ള പലരുടെയും അഭിപ്രായങ്ങളുണ്ടെന്നും അത് ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. ഭീമനാട് ഗവ. യു.പി സ്കൂളിൽ വിജയോത്സവവും പൂർവവിദ്യാർഥിനി തങ്കം പിഷാരസ്യാരുടെ മക്കളുടെ സാമ്പത്തിക സഹായത്തോടെ സ്കൂളിൽ സജ്ജീകരിച്ച ഓപ്പൺ ജിമ്മിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് പി.ബിന്ദു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു, കോട്ടോപ്പാടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഉമ്മർ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ താളിയിൽ സൈനുദ്ദീൻ, അലനല്ലൂർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കളഭം രാധാകൃഷ്ണൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത്ത് പോറ്റൂർ, അസീസ് ഭീമനാട്, പഞ്ചായത്ത് അംഗങ്ങളായ രജിത രാജു, ആമിനക്കുട്ടി, സലാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ, ബി.പി.സി കെ.കെ. മണികണ്ഠൻ, പി.ടി.എ. പ്രസിഡൻറ് അസീസ് മുതുകുറ്റി, ദേശീയ ഹരിത സേന ജില്ലാ കോഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ, പ്രധാന അധ്യാപകൻ മുഹമ്മദാലി ചാലിയൻ, സ്റ്റാഫ് സെക്രട്ടറി കെ.സി. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായ കുട്ടികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.


