പടക്കവിപണി കളർഫുൾ; വിപണി സജീവം
text_fieldsപാലക്കാട് നഗരത്തിലെ പടക്ക വിപണിയിൽനിന്ന്
മേടമാസത്തിലെ ആദ്യ ദിവസമാണ് വിഷു. വിഷു എന്നാൽ സംസ്കൃതത്തിൽ തുല്യം എന്നാണ് അർഥം. പകലും രാത്രിയും തുല്യമായ സംഖ്യയുള്ള ഒരു ദിവസത്തെയാണ് വിഷുദിനം സൂചിപ്പിക്കുന്നത്. വിഷു ദിനത്തിൽ വിഷുക്കണി കാണലാണ് പ്രധാനം. പുതുവർഷം ആരംഭിക്കുന്നതിനാലാണ് ഒരുവർഷത്തെ ഐശ്വര്യത്തിനായി വിഷുക്കണി ഒരുക്കുന്നത്. ഈ വർഷം ഏപ്രിൽ 14നാണ് വിഷു. വിഷു സംക്രമം ഏപ്രിൽ 13ന് രാത്രി 9.15നാണ്. 14ന് പുലർച്ചെ 3.45 മുതൽ 5.15 വരെയാണ് കണികാണേണ്ട സമയം.
പാലക്കാട്: വീണ്ടുമൊരു വിഷുക്കാലത്തെ വരവേൽക്കാനൊരുങ്ങുമ്പോൾ വിഷു വിപണിയും സജീവമാവുന്നു. ചൂടേറുമ്പോഴും തിരക്ക് പടക്ക വിപണികളിലാണെന്നതിനാൽ ഇത്തവണ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഓരോ വർഷവും വൈവിധ്യങ്ങളാൽ വേറിട്ടുനിൽക്കുന്ന പടക്കവിപണി ഇത്തവണയും സമ്പന്നമാണ്. പ്രാദേശിക ഇനങ്ങളെക്കാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ചൈനീസ് പടക്കങ്ങളാണ് വിപണി കീഴടക്കുന്നത്. 60 മുതൽ 700 രൂപ വരെയുള്ള ഫ്ലവർ പോട്ടുകളാണ് വിപണിയിലെ താരം. പുറമെ ചടുപിടു, ഡിസ്കോ ഷവർ, 230 രൂപ വിലയുള്ള ഹെലികോപ്റ്റർ എന്നിവയെല്ലാം പുതുതാരങ്ങളായി മാർക്കറ്റിൽ വിലസുകയാണ്.
നിലചക്രങ്ങളും ശബ്ദമുള്ളവയിൽ മാലപ്പടക്കത്തിനും വിപണിയിൽ ഡിമാൻഡ് ഉണ്ട്. പുകരഹിത പ്രകൃതി സൗഹൃദ മാലപ്പടക്കങ്ങളും ഇത്തവണ വിപണിയിൽ കണ്ടുവരുന്നുണ്ട്. ഉത്സവങ്ങളിൽ മാത്രം കണ്ടിരുന്ന സ്കൈ ഷോട്ടുകൾക്ക് 150 മുതൽ 200 രൂപ വരെ വിലയുണ്ട്. പലതരം വർണ്ണങ്ങൾ വിടർത്തുന്ന ഷോട്ടുകൾ, വിവിധ വർണങ്ങൾ വിതറുന്ന 50ൽ പരം മോഡൽ കമ്പിത്തിരികൾ, വർണങ്ങൾക്കൊപ്പം ശബ്ദങ്ങളുമുള്ള ലാത്തിരി പുറമെ ഇത്തവണത്തെ ട്രെൻഡായി പീകോക്ക് ഡാൻസുമുണ്ട്.
കൊച്ചുകുട്ടികൾക്കായുള്ള കുഞ്ഞു പടക്കങ്ങളും മെറ്റൽ രഹിത തോക്കുകളും പടക്കവിപണിയിൽ ധാരാളമുണ്ട്. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നാണ് കേരളത്തിലേക്ക് പടക്കങ്ങൾ കൂടുതലും എത്തുന്നത്. സംസ്ഥാനത്ത് പടക്ക വിപണി കൂടുതൽ സജീവമാകുന്നത് വിഷുവിനാണെങ്കിലും ദീപാവലിക്കും തെരഞ്ഞെടുപ്പു സീസണുകളിലും മെച്ചപ്പെട്ട കച്ചവടം ലഭിക്കാറുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.


