പറമ്പിക്കുളം-തേക്കടി-ചെമ്മണാമ്പതി വനപാത പൂർത്തിയായില്ല
text_fieldsപറമ്പിക്കുളം: പറമ്പിക്കുളം-തേക്കടി-ചെമ്മണാമ്പതി വനപാത പൂർത്തിയായില്ല. തേക്കടി ഉന്നതികളിലെ ആദിവാസികൾക്ക് ആശ്രയം ഇപ്പോഴും തമിഴ്നാട് മാത്രം. ചെമ്മണാമ്പതി വഴി പറമ്പിക്കുളത്തേക്ക് റോഡ് വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യങ്ങൾക്കൊടുവിലാണ് 2020 ഒക്ടോബർ രണ്ടിന് ആദിവാസികൾ വനപാതക്കായി സമരം നടത്തി ചർച്ച അലസിയതോടെ വഴിവെട്ടി സമരം ആരംഭിച്ചത്. രണ്ടുമാസത്തോളം തുടങ്ങിയ ഉന്നതികളിലെ ആദിവാസികളുടെ വഴിവെട്ടൽ സമരങ്ങളിൽ 700ൽപരം കേസുകൾ ആദിവാസികൾക്കെതിരെ വനം വകുപ്പ് എടുക്കുകയുണ്ടായി.
സമരത്തെ തുടർന്ന് തഹസിൽദാർ, എ.ഡി.എം, ആർ.ഡി.ഒ, കലക്ടർ, പൊലീസ്, ഡി.എഫ്.ഒ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നിരന്തര ഇടപെടലുകളെ തുടർന്ന് റോഡ് നിർമാണത്തിനായി 0.9975 ഹെക്ടർ ഭൂമി അനുവദിച്ച് വനം വകുപ്പ് ഉത്തരവിറക്കി. നെന്മാറ ഡി.എഫ്.ഒ ആണ് ഭൂമി പഞ്ചായത്തിന് റോഡ് വെട്ടാൻ കൈമാറിയത്. മുതലമട ഗ്രാമ പഞ്ചായത്തിലെ ചെമ്മണാമ്പതി മുതൽ വെള്ളക്കൽതിട്ട് വരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൺപാത നിർമിക്കുന്നതിന് വനാവകാശ നിയമത്തിലൂടെ ഭൂമി അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനപാത വെട്ടിയിരുന്നു.
തേക്കടിയിൽ വെള്ളക്കൽതിട്ട്, മുടിവായ് മലയടിവാരം വരെ മൂന്ന് മീറ്റർ വീതിയും 3325 മീറ്റർ നീളമുള്ളതുമായ വനപാത നിർമിക്കുന്നതിന് 69 മരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റി. തേക്കടി മുതൽ മുടിവായ് വരെ വനപാത വെട്ടിയ ശേഷം ഭൂമിയുടെ നിയന്ത്രണം പഞ്ചായത്തിൽനിന്നും വനം വകുപ്പ് തിരിച്ച് ഏറ്റെടുത്തു. ഇതിനിടെ 600 മീറ്ററോളം ദീർഘത്തിൽ മുതലമട പഞ്ചായത്ത് വനപാതയിൽ കോൺക്രീറ്റ് ചെയ്തു. ശേഷം ഇതുവരെ പ്രവർത്തനങ്ങൾ ഒന്നും പുരോഗമിച്ചില്ല. എം.എൽ.എ 20 ലക്ഷം രൂപ കോൺക്രീറ്റിനായി നീക്കിവെച്ചെങ്കിലും നടപ്പായില്ല.
സേതുമാട മുതൽ തേക്കടി കോളനി വരെ തകർന്ന് തരിപ്പണമായ വനപാതയിലൂടെയാണ് രോഗികളെയും വയോധികരെയും ഗർഭിണികളെയും കൊണ്ട് ആംബുലൻസ് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കുന്നത്. സേതുമാട പ്രധാന റോഡിൽ എത്തിയാണ് അബ്രാംപാളയം വഴി ജില്ല ആശുപത്രിയിലേക്ക് എത്തുന്നത്. കേരളത്തിലൂടെയുള്ള റോഡ് വന്നാൽ ദുരിതയാത്രക്ക് അറുതിയാകുമെന്ന് പറമ്പിക്കുളം വാസികൾ പറയുന്നു. വനപാതയിലെ പാറക്കെട്ടുകൾ യന്ത്രങ്ങളുടെ സഹായത്താൽ മാറ്റി വളവുകളിൽ വശങ്ങൾ കരിങ്കല്ല് കൊണ്ട് ബണ്ട് നിർമിച്ച് നീരൊഴുക്കുള്ള പ്രദേശങ്ങൾ തടസ്സപ്പെടുത്താതെ വനപാത യാഥാർഥ്യമാക്കാൻ സർക്കാർ രംഗത്തുവരണമെന്ന് ഊരുമൂപ്പൻ രാമൻകുട്ടി ആവശ്യപ്പെട്ടു.