കൂട്ടുകൂടി കാട്ടുപന്നികളും രജീഷും
text_fieldsചങ്ങാതിക്കൂട്ടമായ കാട്ടുപന്നികൾക്ക് ചുമട്ടുതൊഴിലാളിയായ പറളി പാലശ്ശേരി രജീഷ് ഭക്ഷണം നൽകുന്നു
പറളി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ പൊതുവെ ജനങ്ങൾ ശത്രുവായിട്ടാണ് കാണുന്നത്. എന്നാൽ, പറളി പാലശ്ശേരി പി.എൻ. രജീഷിന് മറിച്ചാണ്. ചുമട്ടുതൊഴിലാളിയായ രജീഷിെൻറ ഉറ്റ ചങ്ങാതിമാർ കാട്ടുപന്നികളാണ്. പറളി ചന്തപ്പുര ജങ്ഷനിൽ ഓടനൂർ റോഡ് തിരിയുന്ന ഭാഗത്തെ വ്യാപാര സ്ഥാപനത്തിെൻറ പിന്നിലാണ് രജീഷിെൻറ 'ചങ്ങാതിക്കൂട്ടം' താമസിക്കുന്നത്.
എല്ലാ ദിവസവും രാവിലെയും വൈകീട്ടും രജീഷ് ഭക്ഷണവുമായി എത്തും. 'വാടീ' എന്ന ഒറ്റ വിളിയേ വേണ്ടൂ, ഒത്ത വലുപ്പമുള്ള നാലു കാട്ടുപന്നികൾ ഓടിയെത്തും. രജീഷിെൻറ കൈയിൽനിന്ന് ഭക്ഷണം അകത്താക്കി സംതൃപ്തിയോടെ ഇവർ പൊന്തക്കാട്ടിലേക്ക് ഉൾവലിയും.
പന്നിക്കൂട്ടം ചങ്ങാതിയായിക്കാണുന്നത് രജീഷിനെ മാത്രമാണ്. അതുകൊണ്ട് ഭക്ഷണം വിളമ്പുന്ന സമയത്ത് രജീഷിനൊപ്പം മറ്റാരെങ്കിലും കൂട്ടിനുണ്ടെങ്കിൽ പൊന്തക്കാട്ടിൽനിന്ന് വരാൻ മടിക്കും. രജീഷിെൻറ വിളിക്ക് കാതോർത്ത് രാവിലെയും വൈകീട്ടും കാട്ടുപന്നിക്കൂട്ടം കാത്തിരിക്കും.
രണ്ടു നേരവും മുടങ്ങാതെ സ്വന്തം ചെലവിൽ ചുമട്ടുതൊഴിലാളിയായ രജീഷ് ഇവർക്ക് ഭക്ഷണം നൽകുന്നു. ഒരു വർഷത്തോളമായി രജീഷിെൻറ കാട്ടുപന്നികളുമായുള്ള ചങ്ങാത്തം തുടരുന്നു. ഇവയെ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. കാണാൻ വരുന്ന ചിലരൊക്കെ ഒപ്പം ഭക്ഷണപ്പൊതിയും എത്തിക്കാറുണ്ട്.