ആലത്തൂരിൽ മുന്നണികൾ ഒപ്പത്തിനൊപ്പം
text_fieldsആലത്തൂർ: ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികളും പ്രചരണത്തിൽ ഒപ്പത്തിനൊപ്പം. എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചുള്ള പോരാട്ടത്തിലാണ് സ്ഥാനാർഥികൾ. 18 വാർഡുള്ള പഞ്ചായത്തിൽ സി.പി.എം 17 വാർഡുകളിലും കോൺഗ്രസ് 15 വാർഡിലും മത്സരിക്കുന്നു.
ബി.ജെ.പി 13 ഇടത്തും, മുസ്‍ലിം ലീഗ് രണ്ട്, വെൽഫെയർ പാർട്ടി രണ്ട്, എന്നിങ്ങനെ പാർട്ടികളും ഏഴ്, 10, 14, 17, 18 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളുമുണ്ട്. ആലത്തൂർ ഗ്രാമ പഞ്ചായത്ത് നാല് തവണ തുടർച്ചയായി ഭരിക്കുന്നത് സി.പി.എമ്മാണ്.
കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത് സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങളായിരുന്നു. ഇത്തവണയും സ്ഥാനാർഥി മോഹികളുടെ സമ്മർദ്ദം ഏറെയുണ്ടായിരുന്നുവെങ്കിലും ഒരുവിധം പറഞ്ഞൊതുക്കുകയായിരുന്നു. യു.ഡി.എഫിൽ മുസ്‍ലിം ലീഗിനും എൽ.ഡി.എഫിൽ സി.പി.ഐക്കും ആലത്തൂർ പഞ്ചായത്തിൽ പൂർണ തൃപ്തരല്ല.
അവർക്ക് രണ്ടു പേർക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ വിജയ സാധ്യത പ്രവചിക്കാൻ കഴിയാത്ത വാർഡുകളാണ് നൽകിയിട്ടുള്ളത്. സി.പി.ഐ അത് വേണ്ടെന്ന് വെച്ചു. മുസ്‍ലിംലീഗാകട്ടെ ഒരു വാശിയെന്ന നിലയിൽ മത്സരിക്കുന്നു.


