വെള്ളക്കരത്തിൽ ഷോക്കേറ്റ് ജനങ്ങൾ; പ്രതിമാസ ബില്ല് 3000 മുതൽ 26000 വരെ
text_fieldsമണ്ണൂർ: മണ്ണൂർ പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ വെള്ളക്കരം കണ്ട് ഷോക്കേറ്റ് ജനങ്ങൾ. അഞ്ചാം വാർഡിലെ നിരവധി ഉപഭോക്താക്കൾക്കാണ് ഭീമമായ വെള്ളക്കരം ലഭിച്ചത്. ബിൽ കണ്ട് പലരും ഷോക്കേറ്റ അവസ്ഥയിലാണ്. ഇവരിൽ സ്വന്തമായി വീടില്ലാതെ ലൈഫിൽ വീടും കാത്തുകഴിയുന്നവരുമുണ്ട്. ഇതിനെതിരെ പഞ്ചായത്തിലെ 20തോളം പേർ പരാതിയുമായി രംഗത്തെത്തി കഴിഞ്ഞു.
വാർഡ് അംഗത്തിനും നിരവധി പരാതികൾ കിട്ടി. എന്ത് ചെയ്യണമെന്നറിയാതെ കുടുംബംഗങ്ങൾ പകച്ചുനിൽക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ജൽജീവൻ മിഷൻ ആരംഭിച്ച കുടിവെള്ള പദ്ധതിയാണിത്. ആദ്യബിൽ 3000 രൂപ മുതൽ 4000ത്തിൽ അധികവുമായി വന്നപ്പോൾ കുടിവെള്ളം മുടങ്ങരുതെന്ന് കരുതി നിവൃത്തിയില്ലാതെ ജനങ്ങൾ വാട്ടർ അതോറിറ്റി ഓഫിസിൽ പോയി ബിൽ അടച്ചു. എന്നാൽ അത് കഴിഞ്ഞ് രണ്ടുമൂന്നു മാസത്തിനുള്ളിലാണ് 3000 മുതൽ 26,000 രൂപ വരെ ഓരോ ഉപഭോക്കാത്തവിനും പുതിയ ബില്ല് വന്നത്. ഇതോടെ ബില്ലുമായി ജനങ്ങൾ നെട്ടോട്ടത്തിലാണ്.
സാധാരണക്കാരായ ആളുകൾക്കു ഈ ബിൽ താങ്ങാനാവില്ല. വാട്ടർ അതോറിറ്റി അധികാരികളുമായി പഞ്ചായത്ത് അംഗം വി.എം. അൻവർ സാദിക് ബന്ധപ്പെട്ടപ്പോൾ അവരും ഈ കാര്യത്തിൽ കൈമലർത്തുകയാണത്രേ. നിലവിൽ ഈ ബിൽ അടക്കാനും അടുത്ത ബിൽ വരുമ്പോൾ പരിശോധിക്കാം എന്നാണ് വാട്ടർ അതോറിറ്റി അധികാരികൾ പറയുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വാട്ടർ അതോറിറ്റിയുടെ ഓഫിസിനുമുന്നിൽ സമരം ചെയ്യുമെന്ന് പഞ്ചായത്ത് അംഗം മുന്നറിയിപ്പ് നൽകി.